വീട്ടുകാര്‍ ജോലിക്ക് പോയ സമയത്ത് വീട് പൂട്ടി ജപ്തി നടപ്പാക്കി കേരള ബാങ്ക്. എറണാകുളം പറവൂരില്‍ എ.എം ഉദയന്‍ എന്ന പൊതുപ്രവര്‍ത്തകനും കുടുംബവുമാണ് രാത്രിയില്‍ പെരുവഴിയിലായത്. വായ്പ തിരിച്ചടയ്ക്കാന്‍ പല തവണ അവസരം നല്‍കിയിരുന്നതായാണ് ബാങ്ക് അധികൃതരുടെ വിശദീകരണം.
പതിവുപോലെ ഉദയന്‍ തന്‍റെ കടയിലേയ്ക്കും ഭാര്യയും മക്കളും ജോലിക്കും വീടുപൂട്ടിപോയതാണ്. പിന്നാലെ ബാങ്ക് നിയോഗിച്ചവര്‍ എത്തി മറ്റൊരു താഴിട്ട് പൂട്ടി. ജപ്തി വിശദാംശങ്ങള്‍ മതിലില്‍ പതിപ്പിച്ചു. ഗേറ്റിന് മുന്നില്‍ എന്തുചെയ്യണമെന്ന് അറിയാതെ നില്‍ക്കുകയാണ് ഉദയന്‍. 2017ല്‍ കട തുടങ്ങാന്‍ പതിനേഴര ലക്ഷം രൂപ വായ്പയെടുത്തതാണ്. പ്രളയവും കോവിഡും പ്രതിസന്ധിയായി. മക്കളുടെ ഗള്‍ഫില്‍ അയക്കാന്‍ ശ്രമിച്ചപ്പോള്‍ കബളിപ്പിക്കപ്പെട്ടു. ഇതോടെ കടക്കെണി മുറുകിയതായി ഉദയന്‍ പറയുന്നു. വായ്പയില്‍ ഏറെക്കുറെ തിരിച്ചടച്ചതായും നിയമപ്പോരാട്ടം നടക്കുന്നതിനിടെയാണ് ജപ്തി നടപടിയുണ്ടായതെന്നും ഉദയന്‍ കൂട്ടിച്ചേര്‍ത്തു. രാവിലെ ബാങ്കിന്‍റെ പേരില്‍ ഫോണില്‍ വിളിച്ച് ഉടന്‍ ഒഴിയാന്‍ പറഞ്ഞതല്ലാതെ രേഖാമൂലം അറിയിപ്പുകള്‍ നല്‍കിയിട്ടില്ലെന്നും ഉദയന്‍ ഉദയനും കുടുംബവും ബന്ധുവീടുകളിലാണ് അഭയം തേടിയത്.