എറണാകുളം പെരുമ്പാവൂരിൽ ആളുകളെ ഭയപ്പെടുത്തിയ റോട്ട് വീലർ നായയെ ഒടുവിൽ റെസ്ക്യൂ ഷെൽട്ടറിലേക്ക് മാറ്റി. ഉടമകളെ പൊലീസ് അറസ്റ്റ് ചെയ്തതോടെയാണ് പുരയിടത്തിൽ നായ ഒറ്റയ്ക്കായത്. മതിലിനപ്പുറമുള്ള അങ്കണവാടിയിലെ കുട്ടികളടക്കം ഭയത്തോടെയാണ് കഴിഞ്ഞ ദിവസങ്ങളിൽ എത്തിയിരുന്നത്
ആരുമില്ലാത്ത വീട്. അത്ര ഉയരമില്ലാത്ത മതിലുള്ള പുരയിടം. അതിനുള്ളിൽ ഒരാഴ്ചയോളമായി ഒറ്റയ്ക്ക് കഴിയുന്ന റോട്ട് വീലർ നായ. മതിലിനപ്പുറം അങ്കണവാടി. നായയുടെ കുര കേൾക്കുമ്പോൾ ഭയക്കുന്ന അങ്കണവാടി ടീച്ചറും കുഞ്ഞുങ്ങളും. ആളുകൾക്ക് റോഡിലൂടെ നടക്കാൻ പോലും ഭയമായ സാഹചര്യത്തിലാണ് കൗൺസിലർ സബീന നിഷാദും, തൊട്ടടുത്ത വാർഡിലെ കൗൺസിലർ കെ.ബി.നൗഷാദും ഇടപെട്ട് റസ്ക്യൂ സംഘത്തെ വിളിച്ചത്.
ഈ വീട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്ന നാലു പേരിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 500 ഓളം മോഷണ കേസുകളിൽ പ്രതികളായ ഇടുക്കി സ്വദേശി ബിജുവും മകൻ വിപിനുമാണ് കഴിഞ്ഞ ഞായറാഴ്ച്ച അറസ്റ്റിലായത്. ബാക്കി രണ്ടുപേർ ഒളിവിൽ പോയി. ഇതോടെയാണ് വീട്ടിൽ നായ ഒറ്റയ്ക്കായത്. എന്തായാലും റസ്ക്യൂ സംഘം എത്തി നായയെ കൊണ്ടുപോയതോടെ നാട്ടുകാരും നായയും ഒരുപോലെ ആശ്വാസത്തിലാണ്