കൊച്ചി: എറണാകുളം ലൂർദ് ആശുപത്രി ക്രിസ്മസ്–പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി ‘ഫെസ്റ്റാര 2025 ദി ഫെസ്റ്റിവൽ ഓഫ് സ്റ്റാർസ്’ സംഘടിപ്പിച്ചു. കൊച്ചി മേയർ അഡ്വ. മിനിമോൾ വി.കെ. ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു.
മനോഹരമായ കാർണിവലിന്റെ അകമ്പടിയോടുകൂടി ആരംഭിച്ച പരിപാടിയിൽ ലൂർദ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഫാ. ജോർജ് സെക്വീര സ്വാഗതം ആശംസിച്ചു. കൊച്ചി കോർപ്പറേഷൻ കൗൺസിലർ ശ്രീ. സിബി ജോൺ, ഡെപ്യൂട്ടി മെഡിക്കൽ ഡയറക്ടർ ഡോ. അനൂഷ വർഗ്ഗീസ് എന്നിവർ ആശംസകൾ അർപ്പിച്ചു. കൊച്ചി കോർപ്പറേഷൻ്റെ പുതിയ മേയർ അഡ്വ. വി.കെ മിനിമോൾ, കൗൺസിലർ സിബി ജോൺ എന്നിവർക്ക് ലൂർദ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ ഡയറക്ടർ ഫാ. ജോർജ് സെക്വീര മെമൻ്റോ നൽകി ആദരിച്ചു. ലൂർദ് ആശുപത്രി മെഡിക്കൽ ഡയറക്ടർ ഡോ. പോൾ പുത്തൂരാൻ, മെഡിക്കൽ സൂപ്രണ്ട് ഡോ. സന്തോഷ് ജോൺ എബ്രഹാം എന്നിവർ പൊന്നാടകൾ അണിയിച്ചു. ലൂർദ് ആശുപത്രി അസിസ്റ്റന്റ് ഡയറക്ടർ ഫാ. സോനു അംബ്രോസ് കൃതജ്ഞത അർപ്പിച്ചു. ആഘോഷ പരിപാടികളുടെ ഭാഗമായി ഡോക്ടർമാരും ജീവനക്കാരും ലൂർദ് കോളേജ് ഓഫ് നഴ്സിംഗ് വിദ്യാർത്ഥികളും അവതരിപ്പിച്ച ക്രിസ്മസ് കരോൾ, സംഗീത നിശ, ഡാൻസ്, ഗെയ്മസ്, ബാൻ്റ് മേളം എന്നിവ ആഘോഷത്തിന് മാറ്റുകൂട്ടി.
ലൂർദ്ദാശുപത്രി മെയിന്റനൻസ് വിഭാഗത്തിന്റെ നേതൃത്വത്തിൽ ഒരുക്കിയ പുൽക്കൂടും വളരെ ആകർഷണീയമായി. ആശുപത്രി വിഭാഗങ്ങളിലെ ജീവനക്കാരുടെ സജീവ പങ്കാളിത്തത്തോടെയാണ് ക്രിബ് നിർമ്മാണം നടത്തിയത്. ക്രിസ്തുമസിന്റെ സന്ദേശമായ പ്രത്യാശ, കരുണ, മനുഷ്യസ്നേഹം എന്നിവ സമൂഹത്തിലേക്ക് പകർന്നു നൽകുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിലുള്ള ആഘോഷങ്ങൾ സംഘടിപ്പിക്കുന്നതെന്നും ആശുപത്രി അധികൃതർ അറിയിച്ചു.