denku-ernakulam

സംസ്ഥാനത്ത് കഴിഞ്ഞ അഞ്ചു വർഷത്തിനിടെ  ഡെങ്കിപ്പനി ബാധിച്ച് ഏറ്റവും കൂടുതൽ പേർ മരിച്ചത് എറണാകുളം ജില്ലയിൽ. റിപ്പോർട്ട് ചെയ്ത 427 മരണങ്ങളിൽ 85 മരണങ്ങളും എറണാകുളത്താണ്. ഡെങ്കിപ്പനി ബാധിതരുടെ എണ്ണത്തിലും ജില്ലയാണ് മുൻപിൽ. വിവരാവകാശ പ്രവർത്തകനായ രാജു വാഴക്കാല സമർപ്പിച്ച വിവരാവകാശ അപേക്ഷയ്ക്കുള്ള മറുപടിയിലാണ് എറണാകുളം ജില്ലയെ ഞെട്ടിക്കുന്ന കണക്കുകൾ.  

2020ൽ മൂന്നു മരണം സ്ഥിരീകരിച്ചപ്പോൾ 2022ൽ അത് 5 ഇരട്ടിയായി. 2023ൽ 27ഉം 2024 ഇൽ 23 മരണങ്ങളും സ്ഥിരീകരിച്ചു. ഈ വർഷം സെപ്റ്റംബർ വരെ 10 മരണം. അതായത് കഴിഞ്ഞ അഞ്ചു വർഷത്തിനിടെ എൺപത്തഞ്ച് ഡെങ്കിപ്പനി മരണം. ഇക്കാലയളവിൽ, ഇതിൽ ഉൾപ്പെടാത്ത 15 മരണങ്ങൾ ഡെങ്കിപ്പനി മൂലം ആകാനുള്ള സാധ്യതയും ആരോഗ്യവകുപ്പ് തള്ളിക്കളയുന്നില്ല. അങ്ങനെ നോക്കുമ്പോൾ, മരണസംഖ്യ 100 കടക്കും. 

മറ്റു ജില്ലകളിൽ മരണസംഖ്യ ശരാശരി 15ന് താഴെ വരുമ്പോഴാണ്, എറണാകുളം ജില്ലയിൽ വർദ്ധിക്കുന്ന ഡെങ്കിപ്പനി മരണം. ആരോഗ്യവകുപ്പ് ദിനംപ്രതി പുറത്തിറക്കുന്ന രേഖ അനുസരിച്ച്, ഡെങ്കിപ്പനി ബാധിതരുടെ എണ്ണത്തിലും എറണാകുളം ആണ് മുന്നിൽ. മഴ കനത്ത ജൂലൈ ഓഗസ്റ്റ് മാസങ്ങളിൽ ദിവസേന 35ലധികം പേർക്ക് രോഗബാധയുണ്ടായി. ജൂലൈ 16 മുതൽ 22 വരെ മാത്രം ഡെങ്കിപ്പനി ബാധിച്ചവരുടെ എണ്ണം 227.  പട്ടിമറ്റം, കളമശ്ശേരി മേഖലകളിലാണ് കൂടുതൽ ഡെങ്കിപ്പനി ഈ സമയത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത്.  മാലിന്യ സംസ്കരണത്തിലെ വീഴ്ചകളും, കൊതുക് വർദ്ധിക്കുന്ന സാഹചര്യങ്ങളുമാണ് ഡെങ്കിപ്പനി പ്രതിരോധത്തിന് ജില്ലയ്ക്ക് മുൻപിലുള്ള പ്രധാന വെല്ലുവിളികളെന്നു വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. 

ENGLISH SUMMARY:

Dengue fever is a significant health concern in Ernakulam, Kerala, with the highest number of deaths reported in the last five years. The district faces challenges in waste management and mosquito control, contributing to the increased incidence of dengue cases.