എറണാകുളം കോതമംഗലത്ത് കാട്ടാന ആക്രമണത്തിൽ വൻ കൃഷി നാശം. പുന്നേക്കാട് ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാന മുന്നൂറോളം വാഴകളും നിരവധി തെങ്ങുകളും നശിപ്പിച്ചു. സ്ഥിരമായി എത്തുന്ന മൂന്നാനകളെ ഭയന്നാണ് പ്രദേശവാസികളുടെ ജീവിതം
കോതമംഗലം കീരംപാറ പഞ്ചായത്തിലെ ചേലമല ഭാഗത്ത് ഒരാഴ്ചയായി എല്ലാ ദിവസവും രാത്രി ആനകൾ എത്തുന്നുണ്ട്. ഒറവലക്കുടിയിൽ പോൾ മാത്യുവിൻ്റെ കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടാനകൾ കൃഷി നശിപ്പിച്ചതിനുശേഷം ഇന്ന് പുലർച്ചെയാണ് കാട്ടിലേക്ക് മടങ്ങിയത്. മൂന്ന് ആനകളാണ് സ്ഥിരമായി എത്തുന്നത്. ഒരു മാസം മുമ്പ് ഈ ആനകളെ വനപാലകരുടെ നേതൃത്വത്തിൽ പ്രദേശത്ത് നിന്ന് തുരത്തിയിരുന്നു. ഒരാഴ്ച മുൻപ് തിരിച്ചെത്തിയ ഈ ആനകളെ ഭയന്നാണ് പ്രദേശവാസികളുടെ ജീവിതം. മുന്നൂറോളം വാഴകൾ, നിരവധി തെങ്ങുകൾ, റബർ, കവുണ്ട് എന്നിവയെല്ലാം ആനകള്‍ നശിപ്പിച്ചു. വീടിൻ്റെ മുറ്റത്തു വരെയെത്തുന്ന ആനകൾ മനുഷ്യജീവന് ഭീഷണിയായിട്ടും അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന് കർഷകർക്ക് പരാതിയുണ്ട്.
കാട്ടാനശല്ല്യത്തിന് ശാശ്വത പരിഹാരം ഉണ്ടായില്ലെങ്കിൽ ശക്തമായ പ്രതിഷേധവുമായി തെരുവിലേക്ക് ഇറങ്ങാനാണ് പ്രദേശവാസികളുടെ തീരുമാനം