container-health

കൊച്ചിയിലെ സമുദ്രാതിർത്തിയിൽ മുങ്ങിയ കപ്പലിൽ നിന്നും തീരത്തടിഞ്ഞ കണ്ടെയ്നറുകളിലെ മാലിന്യം നീക്കാത്തത് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് ഇടയാക്കുന്നു. കുട്ടികൾക്ക് ശ്വാസതടസവും ചർമ രോഗങ്ങളും പതിവാകുന്നുവെന്നാണ് നാട്ടുകാരുടെ പരാതി. മാലിന്യം നീക്കാനായി തൊഴിലാളികള്‍ തീരത്തുണ്ടെങ്കിലും ചിലയിടങ്ങളിൽ മണലിൽ താഴ്ന്ന കണ്ടെയ്നറുകൾ ഉയർത്താൻ പോലും ഇതുവരെ കഴിഞ്ഞിട്ടില്ല.

തിരയൊടുങ്ങാത്ത തീരത്ത് തീരാവ്യാധികളും തലപൊക്കുകയാണ്. ചാക്ക് കെട്ടുകൾക്കിടയിൽ കുടുങ്ങിയ കണ്ടെയ്നറിലെ മാലിന്യം പലതും നായ്ക്കൾ കടിച്ചെടുക്കുന്നതും കാക്ക കൊത്തി വലിച്ച് പറന്നകലുന്നതും തീരത്തുകാര്‍ക്കുണ്ടാക്കുന്ന ആശങ്ക ചില്ലറയല്ല. കുട്ടികള്‍ക്കുണ്ടാവുന്ന രോഗവും രോഗലക്ഷണവുമെല്ലാം മാലിന്യം ഒഴുകിപ്പരക്കുന്നത് കാരണമെന്നാണ് ആക്ഷേപം.

കുട്ടികള്‍ക്ക് ശ്വാസതടസം വരുന്നു. മുഖത്ത് ഉള്‍പ്പെടെ ചൊറിയും മുറിവുമെല്ലാമുണ്ട്. ഇതെല്ലാം തീരത്തെ മാലിന്യം നീക്കാത്തതിലെ കാരണം കൊണ്ടെന്നാണ് കരുതുന്നത്. എത്രയും വേഗം മാലിന്യം നീക്കി തീരദേശത്തുള്ളവരുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ തയാറാവണം. 

പ്ലാസ്റ്റിക് നിർമാണത്തിന് ഉപയോഗിക്കുന്ന ഷെല്ലുകൾ പലതും ചാക്ക് പൊട്ടി ചിന്നിച്ചിതറിയ നിലയിലാണ്. തകർന്ന കണ്ടെയ്നറുകളും മണലിലാണ്ടവയും തീരത്തുണ്ട്. കണ്ടെയ്നറുകൾ നീക്കുന്നതിനായി കൊച്ചിയിൽ നിന്നും പ്രത്യേക സംഘാംഗങ്ങൾ തീരത്ത് ക്യാംപ് ചെയ്യുന്നുണ്ട്. ഇവർക്ക് കസ്റ്റംസിന്‍റേത് ഉൾപ്പെടെ അനുമതി വൈകുന്നതും മാലിന്യ നീക്കത്തിന് തടസമാണ്.

ENGLISH SUMMARY:

Unremoved waste from containers that washed ashore after a ship sank off the Kochi coast is causing serious health issues for residents. Locals report that children are increasingly suffering from respiratory problems and skin diseases. Although workers have been deployed to clean the area, several containers remain buried in the sand, still untouched.