നാല് പതിറ്റാണ്ടു മുൻപ് ആരംഭിച്ച പാലക്കാട് സ്റ്റേഡിയം സ്റ്റാൻഡ്- ശേഖരീപുരം ബൈപ്പാസ് പദ്ധതി പുനരാരംഭിക്കുന്നു. സ്ഥലം വിട്ടുനൽകാൻ ഉടമകൾ സന്നദ്ധത അറിയിച്ചതോടെ ആദ്യ റീച്ച് ആറു മാസത്തിനകം പൂർത്തിയാക്കാൻ കഴിയുമെന്നാണ് നഗരസഭയുടെ പ്രതീക്ഷ.
പാലക്കാട് ഐഎംഎ സ്റ്റേഡിയം ബൈപ്പാസിൻ്റെ തുടർച്ചയായിട്ടാണ് പുതിയ ഒരു ബൈപ്പാസ് 40 വർഷങ്ങൾക്ക് മുൻപ് വിഭാവനം ചെയ്തത്. 750 മീറ്റർ നീളമുള്ള ഈ പാത പകുതി പൂർത്തിയാക്കി പിന്നീട് നിലച്ച് പോയിട്ട് വർഷങ്ങളായി. സ്ഥലം ഏറ്റെടുക്കലായിരുന്നു വലിയ കീറാമുട്ടി. ഇപ്പോൾ ഉടമസ്ഥരിൽ ചിലർ സ്ഥലം സൗജന്യമായി വിട്ടുനൽകാമെന്ന് നഗരസഭ അധികൃതരെ അറിയിച്ചിട്ടുണ്ട്. അങ്ങനെഎങ്കിൽ ആറ് മാസം കൊണ്ട് സ്റ്റേഡിയം സ്റ്റാൻഡ് മുതൽ കൽവാക്കുളം വരെയുള്ള റീച്ച് പൂർത്തിയാക്കാൻ കഴിയുമെന്നാണ് നഗരസഭയുടെ പ്രതീക്ഷ. എംഎൽഎ ഫണ്ടിൽ നിന്നുള്ള അഞ്ച് കോടിരൂപയും ഇതിനായി വിനിയോഗിക്കും.
പാത യാഥാർഥ്യമായാൽ കോഴിക്കോട് നിന്ന് വരുന്നവർക്ക് നഗരം ചുറ്റാതെ സ്റ്റേഡിയം |സ്റ്റാൻഡിൽ എത്താം. ഗതാഗതക്കുരുക്കിനും വലിയ തോതിൽ പരിഹാരമാകും. റോഡിന് സമീപം വലിയ പാർക്കിങ്ങ് ഹമ്പും വാണിജ്യ സ്ഥാപനങ്ങളും വരുന്നതോടെ നഗര വികസനം യാഥാർഥ്യമാകുമെന്നാണ് പ്രതീക്ഷ.