Image: File,Manorama

Image: File,Manorama

TOPICS COVERED

 പാലക്കാട് ജങ്ഷന്‍ സ്റ്റേഷനടുത്തുവച്ച് ട്രെയിനില്‍ നിന്നും യുവാവ് വീണുമരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. തമിഴ്‌നാട് ഗൂഡല്ലൂർ കെ.കെ.നഗർ സ്വദേശി മുകേഷ് (മനോത്ത്-22) ആണ് ഞായറാഴ്ച രാത്രി ട്രെയിനിന്‍റെ വാതില്‍പ്പടിയില്‍ നിന്നും വീണത്. അപകടമരണമെന്നായിരുന്നു ആദ്യം പുറത്തുവന്നതെങ്കിലും സഹപ്രവര്‍ത്തകന്‍ തള്ളിവീഴ്ത്തിയതാണെന്ന് പൊലീസ് കണ്ടെത്തി.

മുകേഷിനൊപ്പം ജോലി ചെയ്യുന്ന 36കാരനായ തമിഴ്‌നാട് ഗൂഡല്ലൂർ സ്വദേശിയെ അറസ്റ്റ് ചെയ്തു. കണ്ണൂർ-യശ്വന്ത്പുർ എക്‌സ്പ്രസിൽ യാത്രചെയ്യുകയായിരുന്നു മംഗളൂരുവിലെ റബ്ബർത്തോട്ടത്തിൽ തൊഴിലാളികളായിരുന്ന മുകേഷും പ്രതിയും. രാത്രി പത്തരയോടെ പാലക്കാട് ജങ്ഷൻ സ്റ്റേഷനടുത്തെത്തിയപ്പോള്‍ മകള്‍ക്കൊപ്പം മുകേഷ് ട്രെയിനിന്‍റെ വാതില്‍പ്പടിയിലിരിക്കുന്നത് കാണുകയായിരുന്നു. മുകേഷ് മകളോട് മോശമായി പെരുമാറുന്നതു കണ്ട ദേഷ്യത്തില്‍ ചവിട്ടിത്തള്ളുകയായിരുന്നുവെന്നാണ് പ്രതിയുടെ മൊഴി.

മംഗളൂരുവിലെ ജോലി പൂര്‍ത്തിയായതോടെ കോയമ്പത്തൂരില്‍ പുതിയ ജോലി തേടി ഇറങ്ങിയതായിരുന്നു ഇവര്‍. പ്രതിയുടെ ഭാര്യയും പ്രായപൂര്‍ത്തിയാവാത്ത മകളും ജനറല്‍ കംപാര്‍ട്ട്മെന്റില്‍ ഒപ്പമുണ്ടായിരുന്നു. ജങ്ഷന്‍ കഴിഞ്ഞ സമയത്ത് മകളെ കാണാതായതോടെയാണ് പ്രശ്നങ്ങള്‍ ആരംഭിച്ചത്. മകളെ മുകേഷിനൊപ്പം കണ്ടതോടെ ഇരുവരും തമ്മില്‍ തര്‍ക്കമായി. പിന്നാലെ മുകേഷിനെ തള്ളിമാറ്റിയെന്ന് പ്രതി സമ്മതിച്ചതായി റെയിൽവേ പോലീസ് ഷൊർണൂർ സർക്കിൾ ഇൻസ്‌പെക്ടർ പി.വി. രമേഷ് പറഞ്ഞു.

അതേസമയം തന്നെ യാത്രക്കാരിലൊരാള്‍ താഴെ വീണതായി മനസ്സിലാക്കിയ മറ്റ് യാത്രക്കാര്‍ ചങ്ങലവലിച്ചു. വിവരം റെയിൽവേ പോലീസിലും അറിയിച്ചു. അന്നുരാത്രി തന്നെ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടത്തിയിരുന്നില്ല. ചൊവ്വാഴ്ച രാവിലെയാണ് കാഞ്ഞിരക്കടവ് പുഴയോടുചേർന്നുള്ള സ്ഥലത്തുനിന്ന് മൃതദേഹം കണ്ടെത്തിയത്. പിന്നീട് കോയമ്പത്തൂരിൽ നിന്ന് പിടികൂടിയ പ്രതിക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

 

 

Palakkad Train Death Ruled Murder by Police:

Palakkad train death has been reclassified as murder by the police. The incident involving a young man falling from a train near Palakkad Junction station was initially reported as an accident, but authorities have now determined it was a homicide.