കോഴിക്കോട് നഗരത്തില്‍ കുടിവെള്ളം മുട്ടിയിട്ട് ഒരുമാസം. മാനാഞ്ചിറ– വെള്ളിമാടുകുന്ന് റോഡ് നിര്‍മാണത്തിന്‍റെ ഭാഗമായി പൈപ്പ് മാറ്റിയിടല്‍ അനിശ്ചിതമായി നീണ്ടതോടെയാണ് കുടിവെള്ളവിതരണം നിലച്ചത്. കൃത്യമായ ബദല്‍ സംവിധാനങ്ങളും ഒരുക്കിയിട്ടില്ല.
മാനാഞ്ചിറ മലാപ്പറമ്പ് നാലുവരിപ്പാത പണി പൂര്‍ത്തിയാകും മുന്‍പ് ഉദ്ഘാടനം ചെയ്ത് മന്ത്രി മടങ്ങിയിട്ടും നിര്‍മാണത്തിനായി നിര്‍ത്തിവച്ച കുടിവെള്ള വിതരണം ഇതുവരെ പുനരാരംഭിച്ചിട്ടില്ല. പല ഭാഗത്തും ഇപ്പോഴും പണി പുരോഗമിക്കുകയാണ്. മലാപ്പറമ്പ് മുതല്‍ നടക്കാവ് കെഎസ്ആര്‌ടിസി ഡിപ്പോ വരെയാണ് ജല അതോറിറ്റി കുടിവെള്ള പൈപ്പ് മാറ്റി പുതിയ കണക്ഷന്‍ നല്‍കുന്നത്. റോഡിന്‍റെ കരാറുകാര്‍ തന്നെയാണ് കുടിവെള്ളപൈപ്പും മാറ്റുന്നത്. എന്നാല്‍, ഒരു ദിവസം ചെയ്യേണ്ട ജോലി നാല് ദിവസമെടുത്താണ് തീര്‍ക്കുന്നത്.
സമീപത്തെ കിണറുള്ള വീടുകളില്‍ നിന്നും വെള്ളം ശേഖരിച്ചും, പണമടച്ച് വെള്ളം വരുത്തിച്ചുമാണ് പലരും ആവശ്യങ്ങള്‍ നടത്തുന്നത്. ബദല്‍ സംവിധാനം ഒരുക്കാത്തതിനാല്‍ വേനല്‍ക്കാലത്ത് കുടിവെളള ക്ഷാമം രൂക്ഷമാണ്. എന്ന് പഴയപടി ആകുമെന്ന് ചോദിച്ചാല്‍ ആകുമ്പോള്‍ ആകുമെന്ന അലസമറുപടിയാണ് ബന്ധപ്പെട്ട അധികൃതരുടെ ഭാഗത്ത് നിന്ന് ലഭിക്കുന്നത്.