സ്റ്റോപ്പില്ലാത്ത സ്ഥലത്ത് നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട യുവതി കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് പ്രീമിയം ബസിന്‍റെ സൈഡ് ഗ്ലാസ് അടിച്ചു പൊട്ടിച്ചു. കോഴിക്കോട് ആണ് സംഭവം. മിംസ് സ്റ്റോപ്പില്‍ നിര്‍ത്തണമെന്നതായിരുന്നു യുവതിയുടെ ആവശ്യം. അവിടെ സ്റ്റോപ്പില്ലെന്ന് പലതവണ ഡ്രൈവറും കണ്ടക്ടറും പറഞ്ഞെങ്കിലും യുവതി ബഹളമുണ്ടാക്കുകയായിരുന്നു.
സംസാരിക്കുന്നതിനിടെ ഇവര്‍ ഒരു ആയുധമുപയോഗിച്ച് ബസിന്‍റെ സൈഡ് ഗ്ലാസ് അടിച്ചു തകര്‍ത്തു. സംഭവത്തിന്‍റെ വിഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. ‘കാന്‍ യു പ്ലീസ് സ്റ്റോപ് ദ വെഹിക്കിള്‍’എന്നെല്ലാം യുവതി വിഡിയോയില്‍ പറയുന്നുണ്ട്. ഡ്രൈവറുടേയും കണ്ടക്ടറുടേയും വിഡിയോയും യുവതി ഇതിനിടെ ചിത്രീകരിക്കുന്നുണ്ട്. താന്‍ ഏതായാലും പൊലീസില്‍ പരാതി നല്‍കാന്‍ പോവുകയാണെന്നും യുവതി പറയുന്നുണ്ട്.
കുറെ നേരമായി താന്‍ മിംസില്‍ നിര്‍ത്തണമെന്ന് ആവശ്യപ്പെടുന്നുവെന്നും യുവതി പറയുന്നു. ഗ്ലാസ് അടിച്ചുപൊട്ടിച്ച സമയത്ത് ഡ്രൈവര്‍ കണ്ടക്ടറോട് വിഡിയോ എടുക്കുന്നുണ്ടല്ലോയെന്ന് ചോദിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. സ്റ്റോപ്പില്ലാത്ത സ്ഥലത്ത് നിര്‍ത്താനാവില്ലെന്ന് ജീവനക്കാര്‍ പലതവണ പറയുന്നതും ദൃശ്യങ്ങളില്‍ കേള്‍ക്കാം.
ഒടുവില്‍ നേരെ പൊലീസ് സ്റ്റേഷനിലെത്തി ഇരുകൂട്ടരും പരാതിപ്പെട്ടു, പിന്നാലെ ബസ് ശരിയാക്കി നല്‍കാമെന്ന ഉറപ്പിന്‍മേല്‍ യുവതിയെ വിട്ടയച്ചതായാണ് ലഭിക്കുന്ന വിവരം.