arikomban-boating-ban

ഇടുക്കി ആനയിറങ്കൽ ജലാശയത്തിൽ ഹൈഡൽ ടൂറിസം വകുപ്പ് നടത്തി വന്ന ബോട്ടിങ് നിരോധിച്ചിട്ട് രണ്ടുവർഷം. കാട്ടാന അരിക്കൊമ്പന്‍റെ  ശല്യം പഠിക്കാനെത്തിയ വിദഗ്ധ സമിതിയാണ് ബോട്ടിങ് നിരോധിച്ചത്. ഇതോടെ ലക്ഷക്കണക്കിന് രൂപ വരുന്ന ബോട്ടുകൾ തുരുമ്പെടുത്ത് നശിക്കുകയാണ്.

ചിന്നക്കനാൽ ശാന്തൻപാറ മേഖലകളിൽ അരികൊമ്പന്റെ ശല്യം രൂക്ഷമായതോടെയാണ് ഹൈക്കോടതി വിദഗ്ധ സമിതിയെ നിയമിച്ചത്. സമിതിയുടെ നിർദ്ദേശത്തെ തുടർന്ന് മനുഷ്യ വന്യജീവി സംഘർഷം ഒഴിവാക്കാൻ 2023 ജൂലൈ 14 ന് ബോട്ടിങ് നിരോധിച്ചു. അരികൊമ്പനെ മയക്ക് വെടിവെച്ച് പിടികൂടി നാടുകടത്തിയെങ്കിലും ബോട്ടിങ് പുനരാരംഭിക്കുവാൻ നടപടിയുണ്ടായില്ല. ഇതോടെ ജലാശയം കാണാനെത്തുന്ന സഞ്ചാരികൾ നിരാശരായി മടങ്ങാറാണ് പതിവ്.  

സർവീസ് നടത്തിയിരുന്ന ഏഴു ബോട്ടുകൾ നശിച്ചതോടെ ഒരുകോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് വിലയിരുത്തൽ. സീസണിൽ ദിനംപ്രതി ഒരു ലക്ഷം രൂപയുടെ വരുമാനമുണ്ടായിരുന്നതും നിലച്ചു. ബോട്ടിങ്ങിന് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് ഹൈഡൽ ടൂറിസം വിഭാഗം ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഡീസൽ ബോട്ടുകൾ അന്തരീക്ഷ മലിനീകരണവും ശബ്ദവും ഉണ്ടാക്കുന്നത് വന്യമൃഗങ്ങളെ പ്രകോപിപ്പിക്കുന്നു എന്നായിരുന്നു വിദഗ്ധ സമിതിയുടെ കണ്ടെത്തൽ. ഇത് ഒഴിവാക്കാൻ ഇലക്ട്രിക് ബോട്ടുകൾ സർവീസ് നടത്തുന്നതിനെ പറ്റിയും ആലോചിച്ചു വരികയാണ്.

ENGLISH SUMMARY:

Boating services at Anayirangal dam in Idukki remain suspended for two years following a ban recommended by a High Court-appointed expert committee. Originally halted due to the threat from wild elephant Arikomban, the ban continues even after the elephant's relocation to Tamil Nadu. Seven boats worth approximately ₹1 crore are currently rusting away due to lack of maintenance, while Hydel Tourism faces daily revenue losses of nearly ₹1 lakh during peak seasons. The expert committee noted that diesel-powered boats cause noise and air pollution, provoking wild animals in the area. Hydel Tourism authorities have now approached the High Court seeking permission to resume services, possibly using electric boats to minimize environmental impact.