ആർഡിഒ നൽകിയ സമയ പരിധി പൂർത്തിയായിട്ടും കൊച്ചി പള്ളിക്കരയിൽ വാടക വീട്ടിൽ കൂട്ടത്തോടെ താമസിപ്പിച്ച നായ്ക്കളെ മാറ്റിയില്ല. രൂക്ഷഗന്ധവും നായ്ക്കളുടെ കുരയും കാരണം അയൽവാസികൾ നൽകിയ പരാതിയിലായിരുന്നു ആർഡിഒ ഉത്തരവ്. ഇത് നടപ്പാക്കാത്തതോടെ ജനകീയ സമരത്തിന് ഒരുങ്ങുകയാണ് സമീപവാസികൾ.
കുന്നത്ത് നാട് വില്ലേജിലെ പള്ളിക്കരയിൽ വാടകയ്ക്ക് എടുത്ത ഇരുനില വീട്ടിലാണ് നായ്ക്കളെ കൂട്ടത്തോടെ പാർപ്പിച്ചിരിക്കുന്നത്.പ്രദേശവാസികളുടെ പരാതിയിൽ ജില്ലാ മൃഗസംരക്ഷണ വകുപ്പ് ഓഫീസർ വിശദമായ അന്വേഷണം നടത്തി ആർഡിഒയ്ക്ക് റിപ്പോർട്ടും സമർപ്പിച്ചു. 30 ദിവസത്തിനകം നായ്ക്കളെ പ്രദേശത്തുനിന്ന് മാറ്റണമെന്നും ഉടമസ്ഥന് വീട് ഒഴിഞ്ഞു നൽകണമെന്നുമായിരുന്നു ഉത്തരവിൽ.
താമസക്കാരി മാറി ഇല്ലെങ്കിൽ പഞ്ചായത്ത് സെക്രട്ടറി അനുയോജ്യമായ സ്ഥലം കണ്ടെത്തി നൽകുകയോ മൃഗസംരക്ഷണ വകുപ്പുമായി സഹകരിച്ച് ക്യാമ്പ് നടത്തി നായ്ക്കളെ ആവശ്യക്കാർക്ക് നൽകുകയോ ചെയ്യണമെന്ന് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ നായ്ക്കളെ മാറ്റുന്ന കാര്യത്തിൽ ഇതുവരെയും തീരുമാനമായില്ല. നാല്പത്തിലധികം നായ്ക്കളെയാണ് വീട്ടിൽ താമസിപ്പിച്ചിരിക്കുന്നത്. രൂക്ഷ ഗന്ധത്തിന് പുറമേ കുരയും അയൽവാസികളുടെ സ്വൈര്യം കെടുത്തുകയാണ്.
മൃഗസംരക്ഷണ വകുപ്പിന്റെ അന്വേഷണത്തിൽ റാബിസ് വാക്സിൻ ഉൾപ്പെടെ നായ്ക്കൾക്ക് നൽകിയതായി വ്യക്തതയില്ലെന്ന് പറയുന്നു. ചെറിയ കുട്ടികൾ ഉൾപ്പെടെ നിരവധി പേരാണ് വീടിനു മുൻപിലെ റോഡിലൂടെ കടന്നുപോകുന്നത്. ഇനിയും നടപടി വൈകിയാൽ ജനകീയ സമരത്തിലേക്ക് കടക്കാനുള്ള തീരുമാനത്തിലാണ് അയൽവാസികൾ.