തൃപ്പൂണിത്തുറ നഗരസഭയില്‍ ബിജെപിക്കെതിരെ സിപിഎം കോണ്‍ഗ്രസ് സഹകരണത്തിന് വഴി അടയുന്നു. നഗരസഭയില്‍ ഇന്ത്യ മുന്നണിയുണ്ടാക്കിയാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഗുണം ചെയ്യുമെന്ന ആശങ്കയാണ് ഇരുപാര്‍ട്ടികള്‍ക്കും. തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപിയെ കോണ്‍ഗ്രസ് സഹായിച്ചുവെന്നും ചെയര്‍മാന്‍ പദവിയിലേയ്ക്ക് പാര്‍ട്ടി സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്നും സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി എസ് സതീഷ് മനോരമ ന്യൂസിനോട് പറഞ്ഞു.
മൂന്ന് മുന്നണികള്‍ക്കും കേവലഭൂരിപക്ഷം നേടാന്‍ കഴിയാത്ത തൃപ്പൂണിത്തുറ നഗരസഭയില്‍ ബിജെപിയെ അധികാരത്തില്‍ നിന്ന് അകറ്റിനിര്‍ത്താന്‍ സിപിഎം കോണ്‍ഗ്രസ് സഹകരണമുണ്ടായേക്കുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. കോണ്‍ഗ്രസുമായി നീക്കുപോക്കുണ്ടാക്കുന്നത് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി പ്രചാരണായുധമാക്കുമെന്നും തിരിച്ചടിയുണ്ടാക്കുമെന്നുമാണ് സിപിഎം വിലയിരുത്തല്‍. തൃപ്പൂണിത്തുറയിലെ ബിജെപി മുന്നേറ്റത്തിന് കാരണം കോണ്‍ഗ്രസ് ആണെന്ന് കുറ്റപ്പെടുത്തി സഖ്യ സാധ്യതകള്‍ക്കുള്ള വാതില്‍ അടയ്ക്കുകയാണ് സിപിഎം ജില്ലാ സെക്രട്ടറി.
തൃപ്പൂണിത്തുറ നഗരസഭയിലെ 53 സീറ്റില്‍ 21ല്‍ വിജയിച്ചത് ബിജെപിയാണ്. എല്‍ഡിഎഫിന് 20 സീറ്റ്. യുഡിഎഫിന് 12 സീറ്റുകള്‍. ഭൂരിപക്ഷമില്ലാത്ത നഗരസഭാ ഭരണത്തിനാണ് താല്‍ക്കാലം സാധ്യത. അങ്ങിനെയെങ്കില്‍ ബിജെപിയുടെ പി.എല്‍ ബാബു ചെയര്‍മാനേയേക്കും. നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ബിജെപിക്കെതിരെ കോണ്‍ഗ്രസ്, സിപിഎം നീക്കമുണ്ടായേക്കും. ചെയര്‍മാന്‍ പദവിയിലേയ്ക്ക് മല്‍സരിക്കുമെന്ന് സഖ്യ ചര്‍ച്ചകള്‍ക്ക് കാത്തുനില്‍ക്കാതെ സിപിഎം പ്രഖ്യാപിച്ചതോടെ കോണ്‍ഗ്രസ് വെട്ടിലായിരിക്കുകയാണ്.