വിലപ്പെട്ട എല്ലാത്തിനെയും 'പൊന്നേ' എന്ന് വിളിക്കുന്ന ശീലം നമുക്കുണ്ട്. മൂല്യമേറിയ ലോഹം എന്നതിനപ്പുറം സ്വര്‍ണത്തിന് ഭാഷയിലും സാമൂഹിക ജീവിതത്തിലുമെല്ലാമുള്ള സ്വാധീനം ഏറെയാണ്. അതെല്ലാം അറിയാന്‍ വഴിയൊരുക്കുന്ന പൊന്നുപോലെയൊരു പ്രദര്‍ശനം കൊച്ചി മുസിരിസ് ബിനാലെയുടെ ഭാഗമായി നടക്കുന്നു.
ബിനാലെയുടെ ഭാഗമായി കെ.എം ബില്‍ഡിങ്ങില്‍ ഒരുക്കിയ പ്രദര്‍ശനം കണ്ടാല്‍ ഒന്ന് കണ്ണുമഞ്ഞളിച്ചുപോകും. 'എന്‍റെ പൊന്നേ' എന്ന് പറഞ്ഞുപോകും. സ്വര്‍ണത്തിന്‍റെ ഉല്‍പത്തിയും സ്വര്‍ണം ഈ കാലഘട്ടത്തില്‍ ചെലുത്തുന്ന സ്വാധീനവും അടയാളപ്പെടുത്തുന്നതാണ് പ്രദര്‍ശനം. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലിയുടെ മകളും അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റിസ്ക് ആര്‍ട്ട് ഫൗണ്ടേഷന്‍ സ്ഥാപകയുമായ ഷെഫീന യൂസഫലിയുടെ നേതൃത്വത്തിലാണ് പൊന്നുപോലെ എന്ന പ്രദര്‍ശനം ഒരുക്കിയിട്ടുള്ളത്.
യുഎഇ നയതന്ത്ര പ്രതിനിധി മജീദ് എം നെഖൈലാവി ഉദ്ഘാടനം ചെയ്തു. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി, വ്യവസായമന്ത്രി പി രാജീവ്, ഹൈബി ഈഡന്‍ എംപി എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു. വിദേശത്ത് നിന്ന് ഉള്‍പ്പെടെ ഇരുപതിലധികം കലാകാരന്മാര്‍ അണിനിരത്തുന്ന ഗോള്‍ഡ് തീമിലാണ് പ്രദര്‍ശനം. പ്രശസ്ത കലാകാരനും ക്യുറേറ്ററുമായ മുര്‍ത്തസാ വലിയാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്. മാര്‍ച്ച് 31വരെ ബിനാലെയില്‍ പൊന്നുപോലെ പ്രദര്‍ശനം തുടരും.