gols-bar-viral-video

TOPICS COVERED

കല്യാണം കൂടാന്‍ വന്നവര്‍ക്കെല്ലാം സ്വര്‍ണ ബിസ്ക്കറ്റോ! ഇന്നത്തെ കാലത്ത് സ്വര്‍ണ വില തീപിച്ചിടിരിക്കുന്ന സമയത്തും സൗദി അറേബ്യയില്‍ നടന്ന ആഡംബര കല്യാണത്തിന്‍റെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വിവാഹ സമ്മാനമായി ചടങ്ങില്‍ പങ്കെടുത്തവര്‍ക്കെല്ലാം 24 കാരറ്റിന്‍റെ സ്വര്‍ണ ബിസ്ക്കറ്റ് പോലെ തോന്നിക്കുന്ന വസ്തു നല്‍കുന്നതാണ് 22 സെക്കന്‍ഡുള്ള വിഡിയോയിലുള്ളത്. 

വിവാഹ വേദിയില്‍ ഇരിക്കുന്നവരിലേക്ക് ഒരു പെട്ടി നിറയെ സ്വര്‍ണ ബിസ്ക്കറ്റുമായി യുവാവ് വരുന്നതും ഓരോരുത്തര്‍ക്കായി സ്വര്‍ണ ബിസ്ക്കറ്റ് നല്‍കുന്നതുമാണ് വിഡിയോ. ഇതില്‍ ഒരാള്‍ വേണ്ടായെന്ന് പറയുന്നതും മറ്റൊരാള്‍ ഒന്നിലധികം എണ്ണം എടുക്കുന്നതും കാണാം. വധുവിന്‍റെ സഹോദരന്‍ വരന്‍റെ കുടുംബത്തിന് നല്‍കിയ സമ്മാനമാണിതെന്ന തരത്തിലാണ് എക്സില്‍ പ്രചരിക്കുന്ന വിഡിയോ. 

അതേസമയം, നല്‍കിയ സ്വര്‍ണമല്ലെന്നും സ്വര്‍ണത്തില്‍ പൊതിഞ്ഞ ചോക്ലേറ്റാണെന്നും പലരും എക്സില്‍ കമന്‍റിട്ടു. സ്വര്‍ണ ബാറുകളുടെ രൂപത്തിലുള്ള സ്വര്‍ണ പേപ്പറുകള്‍ പൊതിഞ്ഞ ബിസ്ക്കറ്റുകള്‍ ആഡംബര സമ്മാനങ്ങളിലൊന്നാണ്. ഗള്‍ഫ് രാജ്യങ്ങളിലെ  കല്യാണങ്ങളില്‍ ഇവ പതിവാണെന്നും എക്സില്‍ കമന്‍റുണ്ട്. ഭക്ഷ്യയോഗ്യമായ സ്വര്‍ണപേപ്പറുകളിലാണ് ഇവ പൊതിയുന്നതെന്നും ഇതിന്‍റെ ഒരു ബോക്സിന് 50 ഡോളറില്‍ താഴെ മാത്രമെ വിലയുള്ളൂ എന്നാണ് കമന്‍റ്. ‌

സമ്മാനം 'പാച്ചി' എന്ന പ്രീമിയം ചോക്ലേറ്റ് ബ്രാൻഡിന്റെ ഉൽപ്പന്നങ്ങളാണ് എന്നാണ് വിവരം. സ്വർണക്കടലാസിൽ പൊതിഞ്ഞ ഇവ സ്വര്‍ണ ബിസ്ക്കറ്റുകളാണെന്ന് തെറ്റിദ്ധരിക്കും എന്നതാണ് ഇതിന്‍റെ പ്രത്യേകത. 1974 ൽ നിസാർ ചൗകെയർ ലെബനനിലെ ബെയ്റൂട്ടിലാണ് 'പാച്ചി' സ്ഥാപിച്ചത്. പിന്നീട് ദുബായ്, അബുദാബി, അൽ ഐൻ, ഷാർജ തുടങ്ങിയ നഗരങ്ങളിൽ പാച്ചി വ്യാപിച്ചു. 1999 തില്‍ സൗദിയിലെ ജിദ്ദയില്‍ പാച്ചി ഫാക്ടറിയുംആരംഭിച്ചു. 5000 യൂറോ വരെ വിലയുള്ള ആഡംബര ബോക്സുകൾ ഉൾപ്പെടുന്ന അൾട്രാ-പ്രീമിയം ചോക്ലേറ്റുകള്‍ കമ്പനി വിപണിയിലെത്തിക്കുന്നുണ്ട്. 

ENGLISH SUMMARY:

A Saudi Arabian wedding went viral on social media for its extravagant gift giveaway, where attendees received what appeared to be 24-carat gold biscuits. Upon closer inspection and commentary, it was revealed that the gifts were likely chocolate bars wrapped in edible gold foil, a common luxury item in Gulf weddings.