jail-wedding

എഐ നിര്‍മിത പ്രതീകാത്മക ചിത്രം

TOPICS COVERED

പൗരാവകാശങ്ങള്‍ക്കെല്ലാം വിലക്കുള്ള ഇടമാണ് ജയില്‍? വിലക്കുകളുണ്ടെങ്കിലും ചില ഇളവുകളൊക്കെ അനുവദിച്ചിരിക്കുകയാണ് രാജസ്ഥാന്‍ ഹൈക്കോടതി.

രാജസ്ഥാനിലെ ജോധ്പൂരിലുള്ള ഒരു ഓപ്പണ്‍ എയര്‍ ക്യാംപില്‍ തടവില്‍ കഴിയുന്ന കൊലക്കേസ് പ്രതിക്ക് മറ്റൊരു കേസില്‍ ജാമ്യത്തില്‍ കഴിയുന്ന യുവതിയെ വിവാഹം ചെയ്യാന്‍ ഹൈക്കോടതി അനുമതി നല്‍കി. ജയിലില്‍ കഴിയുന്നതുകൊണ്ട് മാത്രം ഭരണഘടനയുടെ 21-ാം അനുച്ഛേദം ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങള്‍ ഇല്ലാതാകുന്നില്ലെന്ന നിരീക്ഷണത്തോടെയാണ് കോടതി ഇവര്‍ക്ക് വിവാഹത്തിനുള്ള അനുമതി നല്‍കിയത്. പരസ്പര സമ്മതത്തോടെ പ്രായപൂര്‍ത്തിയായ രണ്ട് വ്യക്തികള്‍ തമ്മിലുള്ള വിവാഹം ജീവിക്കാനുള്ള അവകാശത്തിന്റെയും വ്യക്തിസ്വാതന്ത്ര്യത്തിന്റെയും അവിഭാജ്യ ഘടകമാണെന്ന് ജസ്റ്റിസുമാരായ പുഷ്പേന്ദ്ര സിംഗ് ഭാട്ടി, പ്രവീണ്‍ ഭട്നഗര്‍ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

നാഗൗറിലെ ഒരു വിചാരണക്കോടതി 2023 ഓഗസ്റ്റ് 19-നാണ് 33 കാരനായ പ്രതിയെ കൊലക്കുറ്റത്തിനും തെളിവ് നശിപ്പിച്ചതിനും കുറ്റക്കാരനായി കണ്ടെത്തിയത്. 2017 ഫെബ്രുവരി മുതല്‍ തടവിലുള്ള ഇയാളെ പിന്നീട് മണ്ടോറിലെ ഓപ്പണ്‍ എയര്‍ ക്യാംപിലേക്ക് മാറ്റുകയായിരുന്നു.

വിവാഹം കഴിക്കാനുള്ള അവകാശം തടവുകാര്‍ക്കുമുണ്ടെന്നും, ഇത് അവരുടെ പുനരധിവാസത്തിനും നവീകരണത്തിനും സഹായിക്കുമെന്നും വിലയിരുത്തിയാണ് കോടതി ഇയാള്‍ക്ക് വിവാഹത്തിനുള്ള അനുമതി നല്‍കിയത്. ജയില്‍വാസം കുടുംബബന്ധങ്ങളെ തകര്‍ക്കാനുള്ള കാരണമാകരുത്. 2022-ലെ 'നന്ദ് ലാല്‍ വേഴ്സസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹോം' എന്ന വിധിയിലും, പഞ്ചാബ്-ഹരിയാന ഹൈക്കോടതിയുടെ 'ജസ്വീര്‍ സിംഗ്' കേസിലെ വിധിയിലും ഇതിന് മുമ്പ് സമാനമായ നിരീക്ഷണങ്ങള്‍ വന്നിട്ടുണ്ട്.

 

ഓപ്പണ്‍ ജയില്‍ എന്നാല്‍ എന്ത്?

മതിലുകളും ഇരുമ്പഴികളും ആയുധധാരികളായ ഉദ്യോഗസ്ഥരും ചേര്‍ന്ന കർശന സുരക്ഷാ ക്രമീകരണങ്ങള്‍ തുറന്ന ജയിലില്‍ ഉണ്ടാകില്ല. തടവുകാര്‍ക്ക് കൃഷി, പശുപാലനം, കൈത്തൊഴില്‍ തുടങ്ങിയ ജോലികളില്‍ ഏര്‍പ്പെടാന്‍ അവസരമുണ്ടാകും. ചില തുറന്ന ജയിലുകളില്‍ നിശ്ചിത വ്യവസ്ഥകള്‍ക്ക് വിധേയമായി പുറത്തുപോയി ജോലി ചെയ്യാനും വൈകുന്നേരം തിരിച്ചെത്താനുമുള്ള സൗകര്യമുണ്ട്. തടവുകാരെ സമൂഹജീവിതത്തിലേക്ക് ക്രമേണ തിരിച്ചുകൊണ്ടുവരിക എന്നതാണ് പ്രധാന ലക്ഷ്യം. നിയമങ്ങള്‍ ലംഘിക്കുകയോ ഒളിച്ചോടാന്‍ ശ്രമിക്കുകയോ ചെയ്താല്‍ തടവുകാരെ വീണ്ടും സാധാരണ ജയിലിലേക്ക് മാറ്റും.

വിവാഹം എങ്ങനെ?

വിചാരണത്തടവുകാരനും ശിക്ഷ അനുഭവിക്കുന്ന തടവുകാരനും നിബന്ധനകള്‍ക്ക് വിധേയമായി വിവാഹത്തിന് അനുമതി ലഭിക്കാം. വിവാഹം നടത്താന്‍ ജയില്‍ സൂപ്രണ്ടിന്റെ അനുമതിയും ആവശ്യമായ രേഖകളും സമര്‍പ്പിക്കണം. വിവാഹം ജയിലിനുള്ളിലോ അല്ലെങ്കില്‍ സുരക്ഷാ ക്രമീകരണങ്ങളോടെ താല്‍ക്കാലികമായി പുറത്തുപോയോ നടത്താന്‍ ബന്ധപ്പെട്ട ചട്ടങ്ങള്‍ അനുസരിച്ച് അനുമതി നല്‍കാറുണ്ട്. നാഗൗര്‍ തുറന്ന ജയിലില്‍ കഴിയുന്ന തടവുപുള്ളിക്ക് വിവാഹിതനാകാന്‍ കോടതി അനുമതി നല്‍കുന്നതിനെ സര്‍ക്കാരും എതിര്‍ത്തില്ല. നേരത്തെ പ്രതിയും വധുവും ലിവിങ് റിലേഷനിലായിരുന്നെന്ന് പ്രോസിക്യൂഷന്‍ തന്നെയാണ് കോടതിയെ അറിയിച്ചത്. ഇതേ തുടര്‍ന്ന് വിവാഹം ജയിലിനുള്ളില്‍ വെച്ച് തന്നെ നടത്താന്‍ കോടതി അനുമതി നല്‍കി. വിവാഹച്ചടങ്ങുകളില്‍ വധൂവരന്മാര്‍ ഉള്‍പ്പെടെ 21 കുടുംബാംഗങ്ങള്‍ക്ക് പങ്കെടുക്കാം. ചടങ്ങുകള്‍ ജയിലിന്റെ അന്തസ്സിനും അച്ചടക്കത്തിനും അനുസൃതമായിരിക്കണം. വിവാഹച്ചെലവ് പൂര്‍ണമായും തടവുകാരന്‍ വഹിക്കണം.

രാജ്യത്തെ ക്രിമിനല്‍ നീതിന്യായ വ്യവസ്ഥയുടെ പരിഷ്കരണപരമായ കാഴ്ചപ്പാടിനെ ശക്തിപ്പെടുത്തുന്നതാണ് ഹൈക്കോടതിയുടെ ഈ ഉത്തരവ്. തടവുകാര്‍ ശിക്ഷ അനുഭവിക്കുമ്പോഴും ഭരണഘടനാപരമായ പരിരക്ഷകള്‍ക്ക് അര്‍ഹരാണെന്ന് ഈ വിധി ഓര്‍മിപ്പിക്കുന്നു.

Inmate's Right to Marry Affirmed by High Court:

Prisoner marriage rights were upheld by the Rajasthan High Court, which ruled that inmates retain their fundamental rights, including the right to marry. This landmark decision reinforces the reformative aspect of the criminal justice system, emphasizing that constitutional protections extend even to those serving sentences