കാത്തിരിപ്പിനൊടുവില്‍ കാലടി സമാന്തര പാലത്തിന്റെ നിര്‍മാണം തുടങ്ങി. പാലം അടുത്തവര്‍ഷം ഒക്ടോബറില്‍ പൂര്‍ത്തിയാക്കുമെന്ന് നിര്‍മാണം ഉദ്ഘാടനം ചെയ്ത മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. പണി പൂര്‍ത്തിയാകുന്നതോടെ എംസി റോഡില്‍ കാലടിയിലുണ്ടാകുന്ന ഗതാഗതക്കുരുക്കിന് ആശ്വാസമാകും.
കാലടി മുതല്‍ പുഴയുടെ മധ്യഭാഗം വരെയുള്ള പണികള്‍ ആദ്യഘട്ടത്തില്‍ നടത്തും. ഇത് പൂര്‍ത്തിയായ ശേഷം താന്നിപ്പുഴ ഭാഗത്തേക്ക് പൈലിങ് ആരംഭിക്കും. പുഴയുടെ ഒഴുക്ക് തടസപ്പെടാതിരിക്കാനാണ് രണ്ട് ഘട്ടമായി പണികള്‍ നടത്തുന്നത്. നിലവിലുള്ള പാലത്തിന്‍റെ അഞ്ച് മീറ്റര്‍ മാറി 499 മീറ്റര്‍ നീളത്തിലും 14 മീറ്റര്‍ വീതിയിലുമാണ് പുതിയ പാലം നിര്‍മിക്കുക. പാലം നിര്‍മാണം അടുത്ത വര്‍ഷം ഒക്ടോബറില്‍ പൂര്‍ത്തിയാക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
പുഴയിലും ഇരുകരകളിലുമായി 18 ബീമുകള്‍ നിര്‍മിക്കും. 1.5 മീറ്റര്‍ വീതിയില്‍ കാല്‍നടയാത്രക്കാര്‍ക്കായി നടപ്പാതയും ഉണ്ടാക്കും. ബലക്ഷയവും വീതികുറവും കുഴികളും മൂലം നിലവിലെ പാലത്തിലൂടെയുള്ള യാത്ര ദുഃസഹമാണ്. 2012ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ പാലം പണിക്കായി പണം വകയിരുത്തിയെങ്കിലും അലൈന്‍മെന്‍റ് , ഭൂമിയേറ്റടുക്കല്‍, ബൈപ്പാസ് നിര്‍മാണം തുടങ്ങിയ വിഷയങ്ങളില്‍ തട്ടി പദ്ധതി ഇഴഞ്ഞു നീങ്ങുകയായിരുന്നു.
kalady bridge construction started will complete by october