ദേശീയപാത 66ന്‍റെ ഗുണനിലവാരം ഉറപ്പുവരുത്തി സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ മന്ത്രി പി.എ.മുഹമ്മദ് റിയാസിന്‍റെ നിര്‍ദേശം. നിര്‍മാണ പുരോഗതി അവലോകനത്തിനായി തിരുവനന്തപുരത്ത് ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഉദ്യോഗസ്ഥരോടുള്ള നിര്‍ദേശം. എഴുപത് ശതമാനം പണികള്‍ പൂര്‍ത്തിയായെന്നാണ് ദേശീയപാത അതോറിറ്റിയുടെ നിലപാട്.
പ്രവൃത്തികള്‍ക്ക് കൃത്യമായ സമയക്രമം നിശ്ചയിക്കുകയും ഇതിനുള്ളില്‍ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചോ എന്ന് ഉറപ്പുവരുത്തുകയും വേണം. മികവുറ്റ രീതിയിലാവണം നിര്‍മാണം. നിലവില്‍ പ്രതീക്ഷിച്ച വേഗതയില്‍ നിര്‍മാണം നടക്കാത്ത ഇടങ്ങളില്‍ എന്‍ എച്ച് എ ഐ റീജിയണല്‍ ഓഫിസര്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കണം. ഈ മേഖലയില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടിയുണ്ടാവണം. പ്രവൃത്തി നടക്കുന്ന ഇടങ്ങളിലെ സര്‍വീസ് റോഡുകളുടെയും നിലവിലുള്ള റോഡുകളുടെയും അവസ്ഥയില്‍ പ്രത്യേക കരുതല്‍ വേണം. യാത്രക്കാരുടെ സൗകര്യം കൂടി കണക്കിലെടുത്തുള്ള ഇടപെടലുണ്ടാവണമെന്നും അലംഭാവം പാടില്ലെന്നും മന്ത്രിയുടെ നിര്‍ദേശം.
ദേശീയപാത 66 ന്‍റെ ഓരോ ഭാഗത്തെയും നിര്‍മാണ പുരോഗതി യോഗം വിലയിരുത്തി. എഴുപത് ശതമാനം പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചുവെന്നാണ് ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുള്ളത്. നാനൂറ് കിലോമീറ്ററിലധികം ദൂരം ആറുവരിയായി മാറിക്കഴിഞ്ഞുവെന്നും ഉദ്യോഗസ്ഥര്‍ അവകാശപ്പെട്ടു. പൊതുമരാമത്ത് സെക്രട്ടറിയും വിവിധ വകുപ്പ് മേധാവിമാരും ഉദ്യോഗസ്ഥരും അവലോകനത്തില്‍ പങ്കെടുത്തു.