ദേശീയ പാത 66 ന്റെ നിർമ്മാണത്തിനായി കൂട്ടിയിട്ടിരിക്കുന്ന മണ്ണും പാറപ്പൊടിയും കാരണം ദുരിതമനുഭവിക്കുകയാണ് പറവൂർ വടക്കേക്കര പഞ്ചായത്തിലെ മൂന്നുറോളം കുടുംബങ്ങൾ. കഴിഞ്ഞദിവസം പെയ്ത വേനൽ മഴയിൽ മൺകൂന ഇടിഞ്ഞു വീടുകളിലേക്ക് വെള്ളവും ചെളിയും കുത്തിയൊലിച്ചെത്തിയതോടെ എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് നാട്ടുകാർ.
ഭിന്നശേഷികാരനായ മകനെ ചേർത്തുപിടിച്ചു മെഴ്‌സി പറയുന്നത് ഇവരുടെ മാത്രം ദുരിതമല്ല . ഒറവന്തുറുത്ത്, മടപ്ലാതുരുത് വാർഡുകളിലെ 300 ഓളം കുടുംബങ്ങളുടെ അവസ്ഥയാണ്. 3 കിലോമീറ്റർ ദൂരത്തിൽ വടക്കേക്കര പഞ്ചായത്തിലൂടെ കടന്നുപോകുന്ന ദേശീയ പാതയുടെ ഇരു വശത്തും താമസിക്കുന്നവർക്ക് പറയാനുള്ളത് ഇതേ ദുരവസ്ഥ തന്നെ. മടപ്ലാതുരുത്ത് അണ്ടർപാസിന് പടിഞ്ഞാറുവശം, ദേശീയപാത നിർമ്മാണത്തിനായി റോഡരികിൽ കുത്തിയിട്ടിയിരുന്ന വൻ കൽപ്പൊടികൂനയാണ്കഴിഞ്ഞ ദിവസം മഴയിൽ ഇടിഞ്ഞുവീണത്.
മഴ പെയ്യുമ്പോൾ ദേശീയ പാതയിൽ നിന്നുള്ള ചെളിയും മണ്ണും കല്ലുമെല്ലാം ചേർന്ന വെള്ളം ഇവരുടെ വീട്ടിലേക്കും വഴിയിലൂടെയും പരന്നൊഴുകും. ചെളി കുമിഞ്ഞുകൂടുന്നത്തോടെ ഇതുവഴിയുള്ള ഗതാഗതവും താറുമാറാകും.ഉത്തരവാദിത്തപ്പെട്ടവരോട് പറഞ്ഞു മടുത്തെന്ന് നാട്ടുകാർ. വരുന്ന മഴക്കാലത്തിന് മുൻപ് ഇവിടുത്തെ മൺകൂന നീക്കം ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഇപ്പോൾ മഴ പെയ്യരുതേ എന്ന് പ്രാർത്ഥിക്കാൻ മാത്രമേ ഇവർക്കാവുന്നുള്ളു. കൈകുഞ്ഞുങ്ങളുമായി പേടിച്ചു നേരം വെളുപ്പിക്കേണ്ട ഗതികേടിലാണിവർ