vetinaryhospital

TOPICS COVERED

എറണാകുളം കുറുമശ്ശേരിയിലെ മൃഗാശുപത്രിയില്‍ മിണ്ടാപ്രാണികളുടെ ജീവന്‍ രക്ഷിക്കുന്ന ഡോക്ടറുടെയും ജീവനക്കാരുടെയും ജീവന് ഒരു ഗ്യാരന്‍റിയുമില്ല. മഴ കനത്താല്‍ എപ്പോള്‍ വേണമെങ്കിലും നിലംപൊത്താവുന്ന മരണക്കെണിയാണ് ആശുപത്രിക്കെട്ടിടം. പലപ്പോഴും പാമ്പുകളുടെ താവളം കൂടിയായി മാറുന്നു. പുതിയ കെട്ടിടത്തിനായി പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് നാട്ടുകാര്‍.

തകര്‍ന്ന ചുമരുകള്‍. ഇളകിവീഴാറായ മേല്‍ക്കൂര. പായല്‍പിടിച്ച ചുമരുകള്‍. തുരുമ്പിച്ച വാതിലും ജനാലകളും. മഴ പെയ്താല്‍ മുറികളില്‍ വെള്ളം കെട്ടിക്കിടക്കും. മരങ്ങളുടെ വേരുകള്‍ ആഴ്ന്നിറങ്ങി പൊളിഞ്ഞു കിടക്കുന്ന അടിത്തറ. ചുറ്റും കാട് പടര്‍ന്നു കിടക്കുന്നു. ഏതു നിമിഷവും ഇടിഞ്ഞു വീഴാന്‍ സാധ്യതയുള്ള ഭാര്‍ഗവീനിലയം പോലെ. കുറുമശ്ശേരിയിലെ വെറ്ററിനറി ഡിസ്പെന്‍സറി. 

1968ലാണ് ഡിസ്പെന്‍സറി സ്ഥാപിച്ചത്. പാറക്കടവ് പഞ്ചായത്തിലെ ഏക മൃഗാശുപത്രിയാണ്. 20 വാര്‍ഡുകളിലെ രണ്ടായിലത്തിലധികം വരുന്ന ക്ഷീരകര്‍ഷര്‍ ഡിസ്പെന്‍സറിയെ ആശ്രയിക്കുന്നു. 

വെറ്ററിനറി സര്‍ജന്‍ അടക്കം നാല് ജീവനക്കാര്‍ ഇവിടെയുണ്ട്. പാമ്പുകളുടെ ഭീഷണിയുള്ളതിനാല്‍ പലപ്പോഴും കാലുകള്‍ തറയില്‍ നിന്ന് ഉയര്‍ത്തിവച്ചാണ് ജീവനക്കാര്‍ ഇരിക്കുന്നത്. തൊട്ടടുത്ത് മൃഗസംരക്ഷണ വകുപ്പിന്‍റെ പരിശീലന കേന്ദ്രത്തിനായി കെട്ടിടം നിര്‍മിച്ചിട്ടുണ്ടെങ്കിലും ഉദ്ഘാടനം പോലും ചെയ്യാതെ അടച്ചിട്ടിരിക്കുകയാണ്.