ഒരു കോടി മുടക്ക്; തേക്കടിയിൽ അനാഥമായി 'ബോട്ട്' ലഘുഭക്ഷണശാല

തേക്കടിയിൽ വിനോദ സഞ്ചാരികൾക്കായുള്ള ലഘുഭക്ഷണശാലയുടെ നിർമാണം അഞ്ചു വർഷം കഴിഞ്ഞിട്ടും പൂർത്തിയായില്ല. വനംവകുപ്പിൻ്റെ അനാസ്ഥയാണ് നിർമാണം പാതിവഴിയിൽ നിലയ്ക്കാൻ കാരണം. കെ.ടി.ഡി.സിക്കോ, ഇന്ത്യൻ കോഫീ ഹൗസിനോ കെട്ടിടം വിട്ടുകൊടുക്കണമെന്ന ആവശ്യവും ശക്തമാണ്.

ഒരു കോടി രൂപ വകയിരുത്തിയാണ് തേക്കടി ബോട്ട്  ലാൻഡിങ്ങിൽ  ബോട്ടിൻ്റെ മാതൃകയിൽ  ലഘു ഭക്ഷണശാലയുടെ നിർമാണം തുടങ്ങിയത്. വിശ്രമമുറിയും ശുചിമുറിയും മിനി തിയറ്ററുമൊക്കെ ഒരുക്കാനായിരുന്നു തീരുമാനം. കെട്ടിടം പണി അവസാന ഘട്ടത്തിലെത്തിയിട്ട് വർഷങ്ങളായി. എന്നാൽ ഉപകരണങ്ങളും മറ്റു സൗകര്യങ്ങളുമേർപ്പെടുത്തി പ്രവർത്തനം തുടങ്ങാനായിട്ടില്ല.

നിർമാണം അവസാന ഘട്ടത്തിലേക്കെത്തിയതോടെ നടത്തിപ്പിന് അവകാശവാദവുമായി വനപാലകരുടെ സൊസൈറ്റി രംഗത്തുണ്ട്.  ഇതിൽ എതിർപ്പുമായി ഒരു വിഭാഗം രംഗത്തെത്തിയതും പ്രവർത്തനം തുടങ്ങാൻ തടസമായിട്ടുണ്ട്.