സഞ്ചാരികൾക്ക് ആശ്വാസം; തേക്കടിയിലെ അമിത നിരക്ക് കുറയ്ക്കും

കോവിഡ് പ്രതിസന്ധി അകലുന്നതോടെ തേക്കടിയിൽ ഏർപ്പെടുത്തിയ അമിത നിരക്ക് കുറയ്ക്കുമെന്ന് വനം വകുപ്പ്. ടിക്കറ്റ് നിരക്ക് വർധിപ്പിച്ചതിനാല്‍  പ്രതിഷേധം ഉയർന്ന പശ്ചാത്തലത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.

കോവിഡ് പ്രതിസന്ധിയെ തുടർന്ന് ബോട്ടിങ്ങ് അടക്കമുള്ള അനുബന്ധ വിനോദ സഞ്ചാര പരിപാടികളുടെ നിരക്ക് ഇരട്ടിയോളം വർധിപ്പിച്ചിരുന്നു. നിലവിൽ 385 രൂപയാണ് തേക്കടിയിലെ ബോട്ട് യാത്രാ നിരക്ക്. ഈ  വർദ്ധന ടൂറിസം മേഖലയെ വീണ്ടും പ്രതിസന്ധിയിലാക്കി എന്ന പരാതി ഉയർന്നിരുന്നു.

തേക്കടിയിലെ ടൂറിസം പ്രതിസന്ധി മറിക്കടക്കാനുള്ള മറ്റു നിര്‍ദേശങ്ങളും  യോഗത്തിൽ ചർച്ചയായി.  മുല്ലപ്പെരിയാർ അണക്കെട്ടിനു സമീപം വരെ ബോട്ടിങ്ങ് നടത്തണമെന്ന ആശയവും യോഗത്തിൽ ഉയർന്നു. തേക്കടി തുറന്നതിനു ശേഷവും വളരെ കുറച്ച് സഞ്ചാരികൾ മാത്രമെ ഇവിടേയ്ക്ക്  എത്തുന്നുള്ളു. വനം വകുപ്പുമായി നടത്തിയ ചർച്ചയിൽ വിനോദ സഞ്ചാര വികസനത്തിന് അനുകൂല നടപടികള്‍ ഉണ്ടാകും എന്നാണ്  പ്രതീക്ഷ.