കാടറിഞ്ഞ് യാത്ര ചെയ്യാന്‍ തേക്കടി തടാകം; ഇത് പറ്റിയ സമയം

ഇടുക്കി തേക്കടി തടാകത്തില്‍  ബോട്ടിങ്ങിന് തിരക്കേറി. കാടറിഞ്ഞ് യാത്രചെയ്യാനും ചിത്രങ്ങള്‍ പകര്‍ത്താനുമെല്ലാം വിദേശ വിനോദസഞ്ചാരികളുള്‍പ്പടെ തേക്കടിയിലേയ്ക്ക് ഒഴുകിയെത്തുകയാണ്. 

പെരിയാര്‍ കടുവാ സങ്കേതത്തിന്റെ ഹൃദയത്തിലൂടെയുള്ള യാത്രയാണ് തേക്കടി ബോട്ടിന്റെ പ്രത്യേകത. തേക്കടിയില്‍ നിന്ന് 250 രൂപ മുതല്‍ എണ്ണൂറ് രൂപവരെയുള്ള  ടിക്കറ്റെടുത്ത് യാത്ര തുടങ്ങാം. മുല്ലപ്പെരിയാര്‍ ഡാം കെട്ടിയതിന് ശേഷമുണ്ടായതാണ്  ഈ തടാകം.  അന്ന് വെള്ളം വിഴുങ്ങിയ വനത്തിലെ വന്‍ മരങ്ങളുടെ തിരുശേഷിപ്പുകള്‍ തടാകത്തില്‍ ഇങ്ങനെ തല ഉയര്‍ത്തി നില്‍ക്കുന്നുണ്ട്. 

ഈ മരക്കുറ്റികളില്‍ കൂട്കൂട്ടിയ പക്ഷികളെയും, വനത്തില്‍ നിന്ന് നമ്മെ തലയെത്തി നോക്കുന്ന കാട്ടുപോത്തുകൂട്ടത്തെയും, കാട്ടാനക്കൂട്ടത്തെയും എല്ലാം കണ്ണുനിറയെക്കാണാം.  കടുവകളും ചിലപ്പോഴെല്ലാം തടാകത്തിന്റെ തീരത്തേക്കിറങ്ങിവരാറുണ്ട്.  

ഒരു മണിക്കൂര്‍ നീണ്ട ബോട്ടിങ്ങും, സാഹസിക  വനയാത്രയും ഉള്‍പ്പടെ നിരവധി പദ്ധതികള്‍ വനംവകുപ്പും, വിനോദസഞ്ചാര വകുപ്പും  ഇവിടെ ഒരുക്കിയിട്ടുണ്ട്. നല്ലകാലാവസ്ഥയും കാഴ്ച്ചകളും ആസ്വദിക്കാന്‍ നിരവധി സഞ്ചാരികളാണിപ്പോള്‍ ഇവിടേക്കെത്തുന്നത്.

തേക്കടിയില്‍  വിനോദസഞ്ചാരത്തിന് ഏറ്റവും അനുയോജ്യമായ സമയമാണിത്. തേക്കടിയിലെത്തി വലിയ വരിനിന്ന് ടിക്കറ്റെടുക്കുന്നത് ഒഴിവാക്കണമെങ്കില്‍ ഒാണ്‍ലൈന്‍ ടിക്കറ്റ് സൗകര്യവും ലഭ്യമാണ്.