നഗരമധ്യത്തിൽ പൈപ്പ് പൊട്ടി വെള്ളമൊഴുകുന്നു; ഉടമയെ തേടി നെട്ടോട്ടമോടി കൗൺസിലർ

തൃശൂർ നഗരത്തിൽ പൊട്ടിയ പൈപ്പിന്റെ ഉടമയെ തേടി കോർപറേഷൻ കൗൺസിലർ നെട്ടോട്ടമോടി തുടങ്ങിയിട്ട് ഒന്നര ആഴ്ചയായി. ജല അതോറിറ്റിയും കോർപറേഷനും പൈപ്പിനെ കയ്യൊഴിഞ്ഞു. ഇനി ആര്, പൈപ്പ് നന്നാക്കുമെന്ന ചോദ്യത്തിന് ഉത്തരമില്ല.

തൃശൂർ ഇക്കണ്ടവാരിയർ റോഡിൽ പൈപ്പ് പൊട്ടി ഒന്നര ആഴ്ചയായി വെള്ളം ഇങ്ങനെ പോകുകയാണ്. ഡിവിഷൻ കൗൺസിലർ ലീല വർഗീസ്, പൈപ്പ് നേരെയാക്കണമെന്ന് ആവശ്യപ്പെട്ട് കോർപറേഷൻ ഉദ്യോഗസ്ഥരെ കണ്ടു. പൈപ്പ് കോർപറേഷന്റേതല്ല എന്നായിരുന്നു ഉദ്യോഗസ്ഥരുടെ മറുപടി. ജലഅതോറിറ്റി ഓഫിസിൽ പോയി ഉദ്യോഗസ്ഥരെ കണ്ട് പൈപ്പിന്റെ കാര്യം ശ്രദ്ധയിൽപ്പെടുത്തി. അവരും പറഞ്ഞു, ഈ പൈപ്പ് ഞങ്ങളുടേതല്ല. 

കോർപറേഷൻ മേയറെ കണ്ടും കാര്യം ധരിപ്പിച്ചു. കുടിവെള്ള വിതരണ പൈപ്പ് നേരെയാക്കേണ്ടത് നാട്ടിക കുടിവെള്ള പദ്ധതിയുടെ ഉദ്യോഗസ്ഥരുടെ പണിയാണെന്ന് വിശദീകരണം വന്നു. പക്ഷേ, പൈപ്പ് ഇനിയും നേരെയായിട്ടില്ല. കോർപറേഷന്റെ പലഭാഗങ്ങളിലും കുടിവെള്ള ക്ഷാമം അനുഭവപ്പെടുമ്പോഴാണ് ഇങ്ങനെ വെള്ളം പാഴാക്കി കളയുന്നത്.

പൊട്ടിയ പൈപ്പിൽ നിന്ന് വെള്ളം ഒഴുകി റോഡിൽ കുഴിയായി. ഇരുചക്ര വാഹനയാത്രക്കാർ തെന്നി വീഴാൻ സാധ്യതയുണ്ട്. ഇനി, പൈപ്പു മാത്രമല്ല റോഡും നേരെയാക്കണം. പക്ഷേ, ആര് വന്ന് നേരെയാക്കുമെന്ന കാത്തിരിപ്പിലാണ് കൗൺസിലറും നാട്ടുകാരും.