മൂന്നിലവ് ലൈഫ് ഭവന പദ്ധതി ഫണ്ട് തട്ടിപ്പ്; വിജിലൻസ് അന്വേഷണം ആവശ്യപ്പെടാൻ എൽഡിഎഫ്

മൂന്നിലവ് പഞ്ചായത്തിലെ ലൈഫ് ഭവന പദ്ധതി ഫണ്ട് തട്ടിപ്പിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെടാൻ എൽഡിഎഫ്. തട്ടിപ്പിൽ ഭരണ സമിതിക്കും പഞ്ചായത്ത് സെക്രട്ടറിക്കും പങ്കുണ്ടെന്ന് ആരോപണവുമായി സിപിഎം രംഗത്തെത്തി. സമരം ശക്തമാക്കുന്നതിൻ്റെ ഭാഗമായി പഞ്ചായത്ത് ഓഫീസിലേക്ക് സിപിഎം മാർച്ച് നടത്തി.വിവിധ ലൈഫ് പദ്ധതി ഗുണഭോക്താക്കൾക്ക് ലഭിക്കേണ്ട 63 ലക്ഷം രൂപയാണ് മൂന്നിലവ് പഞ്ചായത്തിനു പുറത്തുള്ളവരുടെ അക്കൗണ്ടിലേയ്ക്ക് മാറ്റിയതായി കഴിഞ്ഞ മാസം കണ്ടെത്തിയത്. സംഭവത്തിൽ ഗ്രാമസേവകനതിരെ പഞ്ചായത്ത് സെക്രട്ടറി പൊലീസിൽ പരാതിയും നൽകി. ഗ്രാമസേവകനെ ഡിസംബർ അവസാനം സസ് പെൻഡ് ചെയ്യുകയും ചെയ്തു. എന്നാൽ ഗ്രാമസേവകൻ മാത്രമല്ല ഇതിൽ പ്രതിയെന്നും പഞ്ചായത്ത് ഭരണസ മിതി അറിഞ്ഞാണ് തട്ടിപ്പ് നടന്നതെന്നും സിപിഎം ആരോപിക്കുന്നു.  ഇപ്പോൾ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായ, മുൻ പഞ്ചായത്ത് പ്രസിഡന്റ് രാജിവെച്ച് അന്വേഷണത്തെ നേരിടണമെന്നാണ് സിപിഎമ്മിൻ്റെ ആവശ്യം

ടൗണിൽ നടന്ന പ്രതിഷേധയോഗത്തിന് ശേഷം പഞ്ചായത്തോഫീസിലേയ്ക്ക് സിപിഎം പ്രവർത്തകർ മാർച്ച് നടത്തി . ഓഫീസിന് മുന്നിൽ പോലീസ് മാർച്ച് തടഞ്ഞു. കോൺഗ്രസിനാണ് നിലവിൽ പഞ്ചായത്ത് ഭരണം. ലൈഫ് പദ്ധതി തുകയിൽ തട്ടിപ്പ് പുറത്തുവന്നതോടെ നിരവധി ഗുണഭോക്താക്കൾ ആശങ്കയിലാണ്. തട്ടിപ്പിൻ്റെ യാഥാർത്ഥ്യം പുറത്തുകൊണ്ടുവരാൻ വിജിലൻസ് അന്വേഷണം വേണമെന്നാണ് ആവശ്യം.