ഊരകത്തമ്മ തിരുവടി ക്ഷേത്രത്തില്‍ ആയിരത്തിലേറെ കാഴ്ചക്കുലകള്‍ സമര്‍പ്പിച്ച് ഭക്തർ

തൃശൂര്‍ ഊരകത്തമ്മതിരുവടി ക്ഷേത്രത്തില്‍ ദുര്‍ഗാഷ്ടമി ദിനത്തില്‍ ആയിരത്തിലേറെ കാഴ്ചക്കുലകള്‍ സമര്‍പ്പിച്ചു. വിവിധ ദേശങ്ങളില്‍ നിന്ന് ശേഖരിച്ച വാഴക്കുലകളാണ് ക്ഷേത്രത്തില്‍ അണിനിരത്തിയത്. തൃശൂര്‍ ഊരകം അമ്മതിരുവടി ക്ഷേത്രത്തില്‍ കുലവാഴ വിതാനമാണ് ദുര്‍ഗാഷ്ടമി ദിനത്തിലെ പ്രധാന ചടങ്ങ്. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ക്ഷേത്രമാണിത്. വലിയ ബലിക്കല്‍ പുരയിലും പടിഞ്ഞാറേ നടപ്പുരയിലും വാഴക്കുലകള്‍ നിരത്തി. കോടിമുണ്ടില്‍ വര്‍ണപൂക്കളാല്‍ അലങ്കാരം ഒരുക്കിയിരുന്നു. 

വിവിധയിനം വാഴക്കുലകള്‍ പൂര്‍ണപിണ്ടിയോടെ കിഴക്കേഗോപുരത്തിനുള്ളിലെ അറകളില്‍ പഴുപ്പിച്ചു. ദുര്‍ഗാഷ്ടമി ദിനത്തില്‍ ഉച്ചശ്രീബലിക്കു ശേഷം പുറത്തെടുക്കും. കാര്‍ഷിക സമൃദ്ധിയുടെ ഐശ്വര്യ പ്രതീകമാണ് ഈ ചടങ്ങ്.വാഴക്കുലകൾ വിജയദശമി ദിനത്തിൽ ഉച്ചശ്രീബലിക്ക് ശേഷം പ്രസാദമായി ഭക്തര്‍ക്കു നല്‍കും. നവരാത്രി പ്രധാനമായും ആഘോഷിക്കുന്ന 108 ദുർഗ്ഗാലയങ്ങളിൽ ഊരകത്തമ്മ തിരുവടി ക്ഷേത്രം.