ചോര്‍ന്നൊലിക്കുന്ന കുടില്‍; കാട്ടാന ഭീതി; മാറ്റിപ്പാർപ്പിക്കാൻ നടപടിയായില്ല; കുടുംബത്തിന്റെ ദുരിതം

ചോര്‍ന്നൊലിക്കുന്ന കുടിലില്‍ കാട്ടാനയെ പേടിച്ച് ദുരിത ജീവിതം നയിക്കുകയാണ് ഇടുക്കി ചിന്നകനാലില്‍ ഒരുകുടുംബം. മുന്നൂറ്റിയൊന്ന് കോളനിക്ക് സമീപത്ത് ഒരു പതിറ്റാണ്ടായി കുടില്‍കെട്ടി കഴിയുന്ന ഓമനയെയും കുടുംബത്തെയും മാറ്റി പാര്‍പ്പിക്കാമെന്ന് ജില്ലാ കലക്ടര്‍ ഉറപ്പ് നല്‍കിയെങ്കിലും തുടര്‍നടപടികള്‍ ഉണ്ടായില്ല.

മലയരയ വിഭാഗത്തില്‍പെട്ട ഓമനയും പ്രായമായ മാതാപിതാക്കളും കഴിഞ്ഞ പത്ത് വര്‍ഷമായി ഈ കുടിലിലാണ് താമസം. തകര ഷീറ്റുകള്‍ തുരുമ്പെടുത്ത് തുള വീണു. കാട്ടാനയെ പേടിച്ച് രാത്രികളില്‍ ഇവര്‍ക്ക് ഉറക്കമില്ല. പ്രായമായ മാതാപിതാക്കള്‍ക്ക് തീ കത്തിച്ച് നല്‍കി ഓമനയും കൂടെ ഇരിക്കും. ഇവിടം കൊണ്ടും തീരുന്നില്ല ഇവരുടെ ദുരിത ജീവിതം. ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം കൂലി പണിക്ക് പോയാണ് കുടുംബം പുലര്‍ത്തിയിരുന്നത്. ഓമനക്ക് കാലിന് പരുക്ക്പറ്റി ഇരുപ്പായതോടെ പട്ടിണിയുടെ നടുവിലാണിവര്‍.

മുന്നൂറ്റിയൊന്ന് കോളനിയില്‍ ആദിവാസികളെ പുനരധിവസിപ്പിച്ചപ്പോള്‍ ഇവര്‍ക്ക് സ്ഥലം നല്‍കിയില്ല. പിന്നീട് ഇവടെ കുടില്‍കെട്ടി താമസമാരംഭിക്കുകയായിരുന്നു. ഇവിടെ നിന്നും കുടിയൊഴിപ്പിക്കാന്‍ വനം വകുപ്പ് ശ്രമം നടത്തിയപ്പോള്‍ കോടതിയെ സമീപിച്ചു. ഇവരെ പുനരധിവസിപ്പിക്കാതെ ഇവിടെ നിന്നും കുടിയിറക്കാന്‍ പാടില്ലെന്ന് കോടതി ഉത്തരവിട്ടു. എന്നാല്‍ സ്ഥിതിക്ക് യാതൊരു മാറ്റവുമില്ല. സുരക്ഷിതമായ ഒരു വീട് വേണമെന്നതു മാത്രമാണ് ഇവരുടെ ആവശ്യം.