വനാവകാശ നിയമപ്രകാരം ഭൂമി നൽകണം; ആവശ്യമുന്നയിച്ച് ആദിവാസി ഐക്യവേദി

മലക്കപ്പാറ വനത്തില്‍ നിന്ന് ഇടമലയാറിലെത്തിയ ആദിവാസി കുടുംബങ്ങള്‍ക്ക് വനാവകാശനിയമപ്രകാരം ഭൂമി നല്‍കണമെന്ന ആവശ്യവുമായി ആദിവാസി ഐക്യവേദി. ഇവരെ മലക്കപ്പാറയിലേക്ക് തിരിച്ചയയ്ക്കാനുള്ള ശ്രമത്തിലാണ് എറണാകുളം ജില്ലാ ഭരണകൂടവും, വനംവകുപ്പും. പുനരധിവാസം നീളുമ്പോള്‍ പ്രതിസന്ധിയിലാകുന്നത് കുട്ടികളുടെ വിദ്യാഭ്യാസം കൂടിയാണ്.

കൊടുംവനവും, മലയും, പുഴയുമെല്ലാം താണ്ടിയാണ് മലക്കപ്പാറയിലെ അറാക്കപ്പ ആദിവാസി സെറ്റില്‍മെന്റ് എന്നേക്കുമായി ഉപേക്ഷിച്ച് 12 കുടുംബങ്ങള്‍ ഇടമലയാറിലെത്തിയത്. പൂര്‍വികര്‍ താമസിച്ചിരുന്ന വൈശാലി ഗുഹാക്ഷേത്രത്തിന് സമീപമാണ് ഇവര്‍ ഷെഡ് സ്ഥാപിച്ച് താമസം ഉറപ്പിച്ചതും. വനാവകാശനിയമപ്രകാരം ഇവര്‍ക്ക് വൈശാലി ഗുഹയ്ക്ക് സമീപം ഭൂമി അനുവദിച്ച് നല്‍കണമെന്നാണ് കേരള  ആദിവാസി ഐക്യവേദി ആവശ്യപ്പെടുന്നത്. ആ ഭൂമി ഈ കുടുംബങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്ന വാദവും ആദിവാസി ഐക്യവേദി പ്രവര്‍ത്തകര്‍ ഉന്നയിക്കുന്നു.

അടിക്കടിയുണ്ടാകുന്ന മലയിടിച്ചിലും, വന്യമൃഗശല്യവും മാത്രമല്ല കുട്ടികള്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം കൂടി ലക്ഷ്യമിട്ടാണ് ഈ കുടുംബങ്ങള്‍ മലക്കപ്പാറ ഇറങ്ങിയത്. എന്നാല്‍ ഇടമലയാറിലെത്തി ദിവസങ്ങളായെങ്കിലും വെള്ളവും വെളിച്ചവുമില്ലാതെ ട്രൈബല്‍ ഹോസ്റ്റല്‍ കെട്ടിടത്തില്‍ ദുരിതത്തിലാണ് കൈകുഞ്ഞുങ്ങളടക്കമുള്ള 38 പേര്‍. പത്താംക്ലാസുകാരനടക്കം 11 സ്കൂള്‍ വിദ്യാര്‍ഥികളുടെ പഠനവും വഴിമുട്ടിയ അവസ്ഥയിലാണ്