'കവളപ്പാറക്കാർക്ക് കൈമാറണം'; ചെമ്പൻകൊല്ലിയിലെ വീട് നിർമാണം തടഞ്ഞ് പിവി അൻവർ

മലപ്പുറം ചെമ്പൻകൊല്ലിയിൽ ആദിവാസികൾക്കായി ഫെഡറൽ ബാങ്ക് ഫണ്ടുപയോഗിച്ച് ആരംഭിച്ച  വീടുകളുടെ നിർമാണം പി.വി അൻവർ എം.എൽ.എയുടെ നേതൃത്വത്തിൽ തടഞ്ഞു. കവളപ്പാറയിൽ എല്ലാം നഷ്ടമായ ആദിവാസി കുടുംബങ്ങൾക്ക് പുതുതായി പണിയുന്ന വീടുകൾ കൈമാറണം എന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. മലപ്പുറം കലക്ടർക്കെതിരെ രൂക്ഷമായ ഭാഷയിലാണ് എം.എൽ.എ ആക്ഷേപമുയർത്തിയത്. 

ഐ.ടി.ഡി.പി വാങ്ങി നൽകിയ ഭൂമിയിൽ ഫെഡറൽ നിർമിക്കുന്ന 34 വീടുകളുടെ നിർമാണമാണ് പി.വി.അൻവർ എം.എൽ.എയും സംഘവും തടഞ്ഞത്. പോത്തുകൽ പഞ്ചായത്തിലെ മുണ്ടേരി ചളിക്കൽ കോളനിക്കാർക്ക് വേണ്ടിയാണ് അഞ്ചേക്കർ ഭൂമിയിൽ വീടു നിർമാണം പുരോഗമിക്കുന്നത്. കവളപ്പാറയിൽ വീടും ഭൂമിയും നഷ്ടമായ കുടുംബങ്ങൾ കഴിഞ്ഞ 5 മാസമായി പോത്തുകൽ ടൗണിലെ സ്വകാര്യ ഓഡിറ്റോറിയത്തിലാണ് കഴിയുന്നത്. കവളപ്പാറയിലെ ആദിവാസി കുടുംബങ്ങൾക്ക് ചെമ്പൻകൊല്ലിയിൽ ഫെഡറൽ ബാങ്ക് നിർമിക്കുന്ന വീടുകൾ കൈമാറണം എന്നാവശ്യപ്പെട്ടാണ് നിർമാണം തടഞ്ഞത്.

മുഖ്യമന്ത്രിയേയും റവന്യൂ മന്ത്രിയേയും പരാതി അറിയിക്കുമെന്ന് അൻവർ പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ  പ്രളയ സഹായ പദ്ധതി അട്ടിമറിക്കാനാണ് ജില്ല കലക്ടർ ജാഫർ മാലിക്കിന്റെ  നീക്കമെന്ന് ആക്ഷേപമുയർത്തി. കേന്ദ്ര സർക്കാരിന് സ്തുതി പാടി കേരള ഗവർണറോട് മൽസരിക്കുകയാണ് ജില്ല  കലക്ടറെന്നും അൻവർ ആരോപണമുയർത്തി.