പുനരധിവാസമില്ല; വനഭൂമിയില്‍ കുടില്‍കെട്ടി ആദിവാസികളുടെ പ്രതിഷേധം

ഇടുക്കി പെരിഞ്ചാന്‍കുട്ടി വനഭൂമിയില്‍ കുടില്‍കെട്ടി ആദിവാസികളുടെ പ്രതിഷേധം. 2012ല്‍ പെരിഞ്ചാന്‍കുട്ടിയില്‍ നിന്ന് കുടിയിറക്കപ്പെട്ടിട്ടും പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ ഇടപെടാതെ വന്നതോടെയാണ് ആദിവാസികള്‍ പ്രതിഷേധ സമരവുമായി രംഗത്തെത്തിയത്. 

2012 ല്‍ പെരിഞ്ചാന്‍കുട്ടിയില്‍ നിന്നും കുടിയിറക്കിയ 35 ആദിവാസി കുടുംബങ്ങളാണ്  വീണ്ടും കുടില്‍ കെട്ടി താമസിക്കാന്‍ എത്തിയത്. 2009ലാണ് ആദിവാസി പുനരധിവാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പെരിഞ്ചാന്‍കുട്ടിയില്‍ കുടുംബങ്ങളെ പുനരധിവസിപ്പിച്ചത്. വനം, റവന്യൂ വകുപ്പുകള്‍ തമ്മിലുള്ള തര്‍ക്കത്തിന്റെ പേരില്‍ മൂന്നുവര്‍ഷം കഴിഞ്ഞപ്പോള്‍  ഇവരെ കുടിയിറക്കി. ഇതോടെ ആദിവാസികള്‍ ഇടുക്കി കലക്ട്രേറ്റ് പടിക്കല്‍ സമരം തുടങ്ങി. കഴിഞ്ഞ ഏഴ് വര്‍ഷമായി സമരം തുടര്‍ന്ന് വരികയാണ്.  

ആദിവാസി കുടുംബങ്ങള്‍ കുടില്‍ കെട്ടി സമരം തുടങ്ങിയതോടെ അടിമാലി റേഞ്ച് ഫോറസ്റ്റ് ഓഫിസറുടെ നേതൃത്വത്തില്‍ വനപാലകരെത്തി സമരക്കാരുമായി ചര്‍ച്ച നടത്തി. ഉടന്‍ തന്നെ അനുയോജ്യമായ ഭൂമി കണ്ടെത്തി പുനരധിവസിപ്പിക്കാം എന്ന ജില്ലാ കലക്ടറുടെ ഉറപ്പിന്‍മേലാണ് ആദിവാസി കുടുംബങ്ങള്‍ സമരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്.