വെള്ളം പമ്പ് ചെയ്യാൻ സംവിധാനമില്ല; കണിമംഗലത്ത് 100 ഹെക്ടർ നെല്ല് നശിച്ചു

തൃശൂര്‍ കണിമംഗലം പാടശേഖര സമിതിയ്ക്കു കീഴിലെ നൂറു ഹെക്ടര്‍ നെല്‍പാടത്ത് നെല്ല് മഴയില്‍ നശിച്ചു. പാടത്തുനിന്ന് വെള്ളം പമ്പ് ചെയ്യാനുള്ള സംവിധാനമില്ലെന്ന് കര്‍ഷകര്‍ ആരോപിച്ചു. 

തൃശൂര്‍ കണിമംഗലം പാടശേഖര സമിതിയ്ക്കു കീഴില്‍ അറുന്നൂറിലേറെ കര്‍ഷരുണ്ട്. എഴുന്നൂര്‍ ഹെക്ടര്‍ പാടശേഖരവും. കനത്ത മഴയില്‍ നൂറു ഹെക്ടറിലേറെ കൃഷി നശിച്ചു. കൃത്യസമയത്ത് വെള്ളം പമ്പ് ചെയ്യാന്‍ സംവിധാനമില്ലെന്നാണ് കര്‍ഷകരുടെ പരാതി. പാടശേഖര സമിതി രാഷ്ട്രീയ കാരണങ്ങളാല്‍ പിരിച്ചുവിട്ട ശേഷം കര്‍ഷകരുടെ അവസ്ഥ ഇങ്ങനെയാണെന്നാണ് ആരോപണം. പാടശേഖര സമിതി പഴയ രീതിയില്‍ പുനസ്ഥാപിക്കാന്‍ ഹൈക്കോടതി വിധിയുണ്ടെന്ന് കര്‍ഷകര്‍ പറയുന്നു. പക്ഷേ, വിധി നടപ്പാക്കാന്‍ അധികൃതര്‍ തയാറാകുന്നില്ലെന്നാണ് ആക്ഷേപം.

വെള്ളം നിറഞ്ഞ പാടത്ത് താറാവുകളെ കൃഷിയിറക്കാന്‍ അധികൃതര്‍ അനുമതി നല്‍കിയതിലും പ്രതിഷേധമുണ്ട്. വെള്ളം പമ്പ് ചെയ്ത് കളഞ്ഞ് നെല്ല് കിട്ടാവുന്നത്ര സ്വരൂപിക്കാനല്ല മുന്‍ഗണന കൊടുത്തതെന്നും കര്‍ഷകര്‍ ആരോപിച്ചു. കര്‍ഷകരുടെ പ്രശ്നങ്ങള്‍ അറിയാവുന്ന സമിതി രൂപികരിക്കാനാണ് മുറവിളി.