ദേശീയപാത 66 വികസനം; സ്ഥലം ഏറ്റെടുക്കുന്നതിൽ അഴിമതിയാരോപണം; വരാപ്പുഴയിൽ ധർണ

ദേശീയപാത 66 വികസനവുമായി ബന്ധപ്പെട്ട് വരാപ്പുഴ മുതല്‍ തിരുമുപ്പം വരെ സ്ഥലം ഏറ്റെടുക്കുന്നതില്‍ അഴിമതിയാരോപണം. പ്രതിഷേധവുമായി  നാട്ടുകാര്‍ ധര്‍ണ നടത്തി. വീടുകളും കടകളും പൊളിച്ച് സ്ഥലമേറ്റെടുക്കുന്നതിന് പകരം സ്ഥലത്ത് എലിവേറ്റഡ് ഹൈവേ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. 

ആലങ്ങാട്, വരാപ്പുഴ, കോട്ടുവള്ളി വരെ കടന്നു പോകുന്ന ദേശീയപാത 66ന്റെ വികസനവുമായി ബന്ധപ്പെട്ടാണ് അഴിമതിയാരോപണം. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് സ്ഥലം ഏറ്റെടുക്കുമ്പോള്‍ ഇരുപത്തിഞ്ച് വീടുകളു പന്ത്രണ്ട് കടകളും പൊളിക്കേണ്ടി വരും. ഇതില്‍ പ്രതിഷേധിച്ചാണ് നാട്ടുകാര്‍ ധര്‍ണ നടത്തിയത്. ശവപ്പെട്ടി വഹിച്ച് ഒരു കിലോമീറ്ററോളം സ്ഥലമേറ്റെടുക്കുന്ന റോഡിലൂടെ നടന്നു. തുടര്‍ന്ന് സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ലഭിച്ച നോട്ടീസ് കത്തിച്ചു. എലവേറ്റഡ് ഹൈവേ നിര്‍മിക്കുന്നതോടെ പ്രശ്നത്തിന് പരിഹാരമാകുമെന്നാണ് നാട്ടുകാര്‍ പറയുന്നത്.

സ്വകാര്യ കമ്പനികള്‍ക്ക് വേണ്ടി റോഡിന്റെ ഒരു വശത്ത് നിന്ന് മാത്രം 45 മീറ്റര്‍ സ്ഥലമേറ്റെടുക്കുന്നുവെന്നാണ് ആരോപണം. പല തവണ ഇതുമായി ബന്ധപ്പെട്ട് അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും തീരുമാനമുണ്ടായില്ല. ഇനിയും സ്ഥലമേറ്റെടുപ്പ് തുടര്‍ന്നാല്‍ പ്രതിഷേധവുമായി മുന്നോട്ട് പോകാനാണ്  തീരുമാനം.