ജീവിക്കാനുള്ള അവകാശം വേണം; സ്വാതന്ത്ര്യദിനത്തില്‍ ഉപവസിച്ച് പുതുവൈപ്പുകാർ

സ്വന്തം മണ്ണില്‍ സ്വാതന്ത്ര്യത്തോടെ ജീവിക്കാനുള്ള അവകാശത്തിനായി സ്വാതന്ത്ര്യദിനത്തില്‍  പുതുവൈപ്പ് ജനതയുടെ ഉപവാസ സമരം. പുതുവൈപ്പ് നിര്‍ദ്ദിഷ്ട എല്‍പിജി െടര്‍മിനലിന്റെ നിര്‍മാണത്തിനായി കഴിഞ്ഞ ഡിസംബര്‍ 25 മുതല്‍ പുതുവൈപ്പില്‍ നിരോധനാജ്ഞ നിലനില്‍ക്കുകയാണ്. ഇത് പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് എല്‍പിജി ടെര്‍മിനല്‍ വിരുദ്ധ സമരസമിതി അംഗങ്ങള്‍ എട്ട് മണിക്കൂര്‍ ഉപവാസ സമരം നടത്തുന്നത്. 

പുതുവൈപ്പിലെ ഐഒസിയുടെ എല്‍പിജി ടെര്‍മിനലിനെതിരെ വര്‍ഷങ്ങളായി നിരന്തര സമരത്തിലാണ് നാട്ടുകാര്‍. ഒടുവില്‍ പ്രതിഷേധങ്ങള്‍ കണക്കിലെടുക്കാതെ കഴിഞ്ഞ ഡിസംബറില്‍ ഐഒസി ഇവിടെ എല്‍പിജി സംഭരണ കേന്ദ്രത്തിന്റെ നിര്‍മാണം തുടങ്ങി. ഇതിന് വേണ്ടിയാണ് കഴിഞ്ഞ ഡിസംബര്‍ 15ന് പുതുവൈപ്പ് പ്രദേശത്ത് ജില്ലാ കലക്ടര്‍ നിരോധനാജ്ഞ നടപ്പിലാക്കിയതും. സായുധ പൊലീസിന്റെ സംരക്ഷണിയാണ് നിര്‍മാണം പുരോഗമിക്കുന്നത്. മത്സ്യതൊഴിലാളികളായ പ്രദേശവാസികള്‍ക്ക് കടലില്‍ പോകുന്നതിന് വരെ വിലക്ക് നിലനില്‍ക്കുന്നു. ഇതിനെതിരെയാണ് സ്വാതന്ത്ര്യദിനത്തിലെ ഈ ഉപവാസ സമരം.

സമരസമിതി അംഗങ്ങളായ സിസ്റ്റര്‍ റെന്‍ സിറ്റ, സേവ്യര്‍, മേരി ആന്റണി, രാധാകൃഷ്ണന്‍, സബീന എന്നിവരാണ് പുതുവൈപ്പ് ലൈറ്റ്ഹൗസിന് സമീപമുള്ള അമ്പലക്കടവിലെ പ്രതിഷേധ പന്തലില്‍ എട്ട് മണിക്കൂര്‍ നേരം ഉപവസിക്കുന്നത്. ഒരു വശത്ത് എല്‍പിജി ടെര്‍മിനല്‍ നിര്‍മാണം പുരോഗമിക്കുമ്പോള്‍ കോവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ച് സമര രംഗത്ത് തന്നെയാണ് പുതുവൈപ്പ് ജനത.