മറന്നിട്ടില്ല ചട്ടങ്ങൾ; പുതുവൈപ്പ് സമരവേദിയിലെ ചില പൊലിസ് കാഴ്ചകൾ

സമീപകാലത്ത് കൊച്ചി  കണ്ട ഏറ്റവും വലിയ പൊലീസ് വിന്യാസമാണ് ഇന്ന് പുതുവൈപ്പിനില്‍ ഉണ്ടായത്. രണ്ടു വര്‍ഷം മുമ്പത്തെ ലാത്തിചാര്‍ജിനെ തുടര്‍ന്ന്  ഉണ്ടായ വിമര്‍ശനങ്ങളുെട പശ്ചാത്തലത്തില്‍ അതീവ ജാഗ്രതയോടെയായിരുന്നു പൊലീസ് നടപടികള്‍. നൂറോളം സമരക്കാരെ നേരിടാനെത്തിയ അഞ്ഞൂറോളം പൊലീസുകാര്‍ സംഘര്‍ഷ സ്ഥലത്ത് സ്വീകരിക്കേണ്ട ചട്ടങ്ങളെല്ലാം പാലിക്കാന്‍ പ്രത്യേകം ശ്രദ്ധവെച്ചു.

2017 ജൂണ്‍ 17ന് പുതുവൈപ്പിനിലുണ്ടായ ഈ ലാത്തിചാര്‍ജിന്‍റെ പേരില്‍ ചില്ലറ വിമര്‍ശനങ്ങളും നിയമ നടപടികളുമല്ല സംസ്ഥാന പൊലീസിന് നേരിടേണ്ടി വന്നത്. അന്നത്തെ അനുഭവത്തിന്‍റെ പശ്ചാത്തലത്തില്‍ അതീവ ശ്രദ്ധയോടെയായിരുന്നു ഇന്ന് പുതുവൈപ്പിനിലെ പൊലീസ് നീക്കങ്ങള്‍. നൂറോളം മാത്രം വരുന്ന സമരക്കാരെ നേരിടാന്‍ പുതുവൈപ്പിനിലെത്തിയത് ഡിസിപിയുടെ നേതൃത്വത്തില്‍ വനിതകളടക്കം അഞ്ഞൂറോളം പൊലീസുകാര്‍.

നിരോധനാജ്ഞയെ പറ്റി അടിക്കടി ഉച്ചത്തില്‍ വിളിച്ചു പറഞ്ഞ് നാട്ടുകാരെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്ന പൊലീസിനെ പുതുവൈപ്പിനില്‍ കണ്ടു. സബ് കലക്ടര്‍ ഉള്‍പ്പെടെ റവന്യു വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യം പ്രതിഷേധ വേദിയില്‍ ഉറപ്പാക്കി. ആംബുലന്‍സും ഫയര്‍ഫോഴ്സുമെല്ലാം സ്ഥലത്തെത്തിച്ചു. സമരവേദിയിലെ ആകാശദൃശ്യങ്ങളടക്കം പകര്‍ത്താന്‍ പ്രത്യേക ക്രമീകരണങ്ങള്‍.  സമരവേദിയിലുണ്ടായിരുന്ന കുട്ടികളെ മാറ്റാന്‍ എസി ബസ്. ഇങ്ങനെ സാധാരണ സമരവേദികളിലൊന്നും കാണാത്ത ക്രമീകരണങ്ങളാണ് പൊലീസ് പുതുവൈപ്പിനില്‍ ഒരുക്കിയത്. സമരക്കാരെ അറസ്റ്റ് ചെയ്യും മുമ്പ് ബാനര്‍ ഉയര്‍ത്തി നിരോധനാജ്ഞയെ കുറിച്ച് ഓര്‍മിപ്പിക്കാനും പൊലീസ് മറന്നില്ല,

അതെ, സമരവേദികളില്‍ പാലിക്കേണ്ട ചട്ടങ്ങളെ കുറിച്ചൊന്നും അറിയാത്തവരല്ല നമ്മുടെ പൊലീസ് . അതൊക്കെ ഇതുപോല പോലെ എല്ലായിടത്തും പാലിക്കപ്പെട്ടാല്‍ പല സമരവേദികളിലെയും സംഘര്‍ഷം ഒഴിവാക്കാമെന്ന് പുതുവൈപ്പിനിലെ ഇന്നത്തെ കാഴ്ചകള്‍ ഓര്‍മപ്പെടുത്തുന്നു.