'എല്‍പിജി സംഭരണശാല നിർമാണം നിർത്തണം'; പുതുവൈപ്പിനില്‍ വീണ്ടും സമരം

പുതുവൈപ്പിലെ ഐഒസിയുെട നിര്‍ദ്ദിഷ്ട എല്‍പിജി സംഭരണശാലക്കെതിരെ വീണ്ടും സമരം കടുപ്പിച്ച് നാട്ടുകാര്‍. സംഭരണശാലയുടെ നിര്‍മാണം നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് ഐഒസി വിരുദ്ധസമരസമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. പ്രദേശത്ത് നിലനില്‍ക്കുന്ന നിരോധനാജ്ഞ കണക്കിലെടുക്കാതെയായിരുന്നു  പ്രതിഷേധസമരം. സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി.

ഒരു വര്‍ഷത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷം പുതുൈവപ്പിലെ ഐഒസിയുടെ നിര്‍ദിഷ്ട എല്‍പിജി സംഭരണകേന്ദ്ര പ്രദേശത്ത് വീണ്ടും ഐഒസി വിരുദ്ധമുദ്രാവാക്യം മുഴങ്ങുകയാണ്. പ്രദേശവാസികളുടെ നിരന്തര സമരത്തെ തുടര്‍ന്ന് നിര്‍ത്തിവച്ച നിര്‍മാണം കഴിഞ്ഞ ഡിസംബറിലാണ് വന്‍ പൊലീസ് സുരക്ഷയില്‍ തുടങ്ങിയത്. കോവിഡ് ലോക്ക്ഡൗണ്‍ ആയപ്പോള്‍ മന്ദഗതിയിലായെങ്കിലും ഇപ്പോള്‍ തിരക്കിട്ട നിര്‍മാണപ്രവര്‍ത്തനങ്ങളാണ് പുരോഗമിക്കുന്നതും. കോവിഡ് മാനദണ്ഡങ്ങള്‍ പോലും പാലിക്കാെതയാണ് ഇതരസംസഥാനതൊഴിലാളികളെ ഉപയോഗിച്ചുള്ള നിര്‍മാണം. പ്രദേശത്ത് സുരക്ഷാമതിലും തീര്‍ത്ത് ഐഒസി നടത്തുന്നത് അനധികൃതനിര്‍മാണ പ്രവര്‍ത്തനമാണെന്നാണ് സമരസമിതിയുടെ ആരോപണം. 

അമ്പലക്കടവില്‍ നിന്നാരംഭിച്ച മാര്‍ച്ച് ടെര്‍മിനല്‍ റോഡിന്റെ എതിര്‍വശത്ത് ബാരിക്കേഡ് സ്ഥാപിച്ച് പൊലീസ് തടഞ്ഞു. തുടര്‍ന്ന് അവിെട കുത്തിയിരുന്നായി പ്രതിഷേധം. ജനരോഷം ഒരു വശത്ത് പുരോഗമിക്കുമ്പോള്‍ ഐഒസി സംഭരണശാലയുടെ നിര്‍മാണം യുദ്ധകാലാടിസ്ഥാനത്തില്‍ തന്നെയാണ് പുതുവൈപ്പിനില്‍ പുരോഗമിക്കുന്നത്