കുടിവെള്ളമില്ല; വലഞ്ഞ് കടങ്ങോട് പഞ്ചായത്തിലെ നാട്ടുകാർ

തൃശൂര്‍ കടങ്ങോട് പഞ്ചായത്തിലെ വെള്ളറക്കാട് മനപ്പടിയില്‍ വേനലില്‍ കുടിവെള്ളമില്ലാതെ നാട്ടുകാര്‍ വലയുന്നു. കുടിവെള്ള വിതരണ പദ്ധതി വരുമെന്ന് കാലങ്ങളായി പറയുന്നുണ്ടെങ്കിലും ഇതുവരെ നടപ്പായിട്ടില്ല. 

വെള്ളറക്കാട് മനപ്പടി ഗ്രാമത്തില്‍ നൂറിലേറെ കുടുംബങ്ങള്‍ കഴിയുന്നുണ്ട്. മഴക്കാലം അവസാനിച്ചാല്‍ ഈ കുടുംബങ്ങള്‍ക്കു പിന്നെ വെള്ളം കിട്ടാറില്ല. കിണറുകള്‍ വറ്റും. പിന്നെ, ആശ്രയം സമീപത്തുള്ള ക്വാറിയിലെ വെള്ളമാണ്. ഒന്നരകിലോമീറ്റര്‍ വരെ വെള്ളം ചുമന്ന് വേണം വീടുകളില്‍ എത്തിക്കാന്‍. ഈ ഗ്രാമത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ കഴിഞ്ഞ സെപ്തംബറില്‍ കുഴല്‍കിണര്‍ കുത്തിയിരുന്നു. പക്ഷേ, വെള്ളം എല്ലാ വീടുകളിലേക്കും വിതരണം ചെയ്യാന്‍ ഇതുവരെയും കഴിഞ്ഞിട്ടില്ല. മൂന്നു സെന്റ്  ഭൂമിയില്‍ കഴിയുന്നവരാണ് ഭൂരിഭാഗം കുടുംബങ്ങളും. സ്വന്തം ഭൂമിയില്‍ കിണര്‍ കുഴിക്കാന്‍ പോലും സ്ഥലമില്ല. പൊതു കുടിവെള്ള വിതരണ പദ്ധതിയെ ആശ്രയിക്കുക മാത്രമാണ് പോംവഴി. 

അടുത്ത വേനലിനു മുമ്പെങ്കിലും കുടിവെള്ള വിതരണ പദ്ധതി പൂര്‍ത്തിയാകാന്‍ അധികൃതര്‍ നടപടിയെടുക്കണമെന്നാണ് ഈ കുടുംബങ്ങളുടെ ന്യായമായ ആവശ്യം.