കല്ലാർക്കുട്ടി അണക്കെട്ടിന് കുറുകെ പാലം വേണം; ആവശ്യം ശക്തമാകുന്നു

ഇടുക്കി കല്ലാര്‍കുട്ടിയേയും നായികുന്നിനേയും തമ്മില്‍ ബന്ധിപ്പിക്കാന്‍ അണക്കെട്ടിന് കുറുകെ  പാലം വേണമെന്ന  ആവശ്യം ശക്തമാകുന്നു. പഴക്കമേറിയ  ഫൈബര്‍ വള്ളത്തിലാണ്  വിദ്യാർഥികള്‍ ഉള്‍പ്പെടെയുള്ളവർ  ജലാശയം കടക്കുന്നത്. 

വെള്ളത്തൂവല്‍ ഗ്രാമപഞ്ചായത്തിലെ നായികുന്ന് മേഖലയിലെ കുടുംബങ്ങള്‍ കല്ലാര്‍കുട്ടിയുമായി ബന്ധപ്പെടാന്‍ ഉപയോഗിക്കുന്ന യാത്രാ മാര്‍ഗ്ഗമാണ് കടത്തു വള്ളം.രാവിലെ 7 മുതല്‍ 12 വരെയും ഉച്ചകഴിഞ്ഞ് 2 മുതല്‍ 7 വരെയും വള്ളം അക്കരെയിക്കരെ എത്തിക്കാന്‍ കടത്തുകാരനേയും നിയമിച്ചിട്ടുണ്ട്. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ ആശ്രയിച്ചു വരുന്ന വള്ളത്തിന്റെ കാലപ്പഴക്കം അപകട ഭീഷണി ഉയര്‍ത്തുന്നു. ഫൈബര്‍ വള്ളത്തിന്റെ പല ഭാഗവും പൊളിഞ്ഞ് തുടങ്ങി.ചെറു ദ്വാരങ്ങള്‍ വള്ളത്തില്‍ രൂപപ്പെട്ടു തുടങ്ങിയിട്ടുണ്ടെന്നും കടവില്‍ പുതിയ വള്ളമിറക്കാന്‍ നടപടി വേണമെന്നുമാണ് യാത്രക്കാരുടെ ആവശ്യം.

കടത്തുകാരനില്ലെങ്കിലും കയറില്‍ ബന്ധിപ്പിച്ചിരിക്കുന്ന വള്ളത്തില്‍ കയറി യാത്രക്കാര്‍ക്ക് അക്കരയിക്കരെ എത്താം.മഴക്കാലത്ത് വള്ളത്തില്‍ കയറിയുള്ള യാത്ര ഏറെ ബുദ്ധിമുട്ടും അപകടകരവുമാണ്. കല്ലാര്‍കുട്ടിയേയും നായികുന്നിനേയും തമ്മില്‍ ബന്ധിപ്പിക്കാന്‍ അണക്കെട്ടിന് കുറുകെ പാലമെന്ന ആവശ്യവും ചുവപ്പു നാടയില്‍ കുരുങ്ങി കിടക്കുന്നതായി നാട്ടുകാർ ആരോപിക്കുന്നു.