പാലക്കാട് അ‍ജ്ഞാത ജീവി ആക്രമണം; ഒറ്റരാത്രികൊണ്ട് 70 കോഴികളെ കൊന്നൊടുക്കി; ഭീതിയില്‍ നാട്ടുകാര്‍

പാലക്കാട് മലമ്പുഴ കൊട്ടേക്കാടിനു സമീപം വളര്‍ത്തുകോഴികളെ അജ്ഞാതജീവി കൊന്നൊടുക്കി. പ്രദേശത്തെ ഏഴു വീടുകളിൽ നിന്നായി എഴുപത് കോഴികളാണ് ഇല്ലാതായത്. 

കൊട്ടേക്കാടിനു സമീപം അരുകുടി നാമ്പള്ളത്താണ് അജ്ഞാതജീവിയുടെ ആക്രമണത്തില്‍ കോഴികൾ ചത്തത്. രാത്രിയില്‍ കോഴിക്കൂട് മിക്കതും തകര്‍ത്ത് കോഴികളെ കടിച്ച് കൊന്നൊടുക്കി.എന്നാല്‍ ഇറച്ചി ഭക്ഷിച്ചിരുന്നില്ല. പ്രദേശത്തെ എഴു വീടുകളില്‍ നിന്നായി എഴുപതു കോഴികളാണ് ഒറ്റ രാത്രിയില്‍ ഇല്ലാതായത്.  25 വളര്‍ത്തുകോഴികളെ നഷ്ടപ്പെട്ടവരുമുണ്ട്.

     

കാട്ടാന ഉൾപ്പെടെ വന്യമൃഗശല്യമുളള പ്രദേശമാണിത്. ചെന്നായ്്്യോ മറ്റോ ആകാമെന്നാണ് സൂചനയെങ്കിലും ജനം ഭീതിയിലാണ്. 

നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് വനംഉദ്യോഗസ്ഥരും വെറ്ററിനറി സർജനും പ്രദേശത്തു പരിശോധന നടത്തി. കാൽപാടുകളടക്കം ശേഖരിച്ചിട്ടുണ്ട്. ചെന്നായയുടെതിനു സമാനമായ ആക്രമമാണു നടന്നെന്നാണു മൃഗസംരക്ഷണ വകുപ്പിന്റെയും സംശയം. 

ആക്രമിച്ച മൃഗത്തെ തിരിച്ചറിഞ്ഞിട്ടില്ലെന്നും പരിശോധന നടത്തുന്നുണ്ടെന്നും വനംഉദ്യോഗസ്ഥര്‍ അറിയിച്ചു.