പർളിക്കാട് സാമൂഹിക വിരുദ്ധരുടെ വിളയാട്ടം; കോളേജ് പരിസരത്ത് അറവു മാലിന്യം

തൃശൂര്‍ പാര്‍ളിക്കാട് വ്യാസ കോളജ് പരിസരത്ത് അറവു മാലിന്യങ്ങള്‍ തള്ളുന്നതിനാല്‍ വിദ്യാര്‍ഥികളും നാട്ടുകാരും ദുരിതത്തില്‍. രാത്രികാലങ്ങളിലാണ് സാമൂഹിക വിരുദ്ധരുടെ വിളയാട്ടം. 

 ജനവാസം കുറവുള്ള മേഖലയാണിത്. വ്യാസ കോളജ് പരിസരത്ത് രാത്രികാലങ്ങളില്‍ ആള്‍സഞ്ചാരവും കുറവാണ്. ഈ തക്കം നോക്കിയാണ് അറവുമാലിന്യം തള്ളുന്നത്. വിവാഹങ്ങള്‍ കൂടുതലുള്ള ദിവസങ്ങളില്‍ മാലിന്യം വരുന്നതും കൂടും. ആയിരത്തിലേറെ വിദ്യാര്‍ഥികള്‍ പഠിക്കുന്ന കോളജാണ് വ്യാസ. ദുര്‍ഗന്ധം കാരണം ക്ലാസ് മുറികളില്‍ ഇരിക്കാനും കഴിയില്ല. മാലിന്യ ചാക്കുകള്‍ തെരുവുനായ്ക്കള്‍ വലിച്ചുകീറി നടുറോഡിലേക്ക് പരത്തും. ഇതില്‍ ചവിട്ടി വേണം വിദ്യാര്‍ഥികള്‍ക്കു കോളജില്‍ പോകാന്‍.

ഗുരുതരമായ ആരോഗ്യ ഭീഷണിയും ഉയര്‍ത്തുകയാണ്. തദ്ദേശസ്ഥാപന അധികൃതരെ പലതവണ വിവരമറിയിച്ചു. പ്രദേശത്തു നിരീക്ഷണ കാമറകള്‍ സ്ഥാപിക്കണമെന്ന് ആവശ്യം ശക്തമാണ്.