ആവശ്യമായ ജീവനക്കാരില്ലാതെ കൊന്നത്തടി വില്ലേജ് ; വലഞ്ഞ് നാട്ടുകാര്‍

ഇടുക്കി കൊന്നത്തടി വില്ലേജ് ഓഫീസില്‍ ആവശ്യത്തിന്  ജീവനക്കാരില്ലാത്തത്  പൊതുജനത്തെ വലയ്ക്കുന്നു. ജീവനക്കാരുടെ അഭാവംമൂലം ഫയലുകള്‍ കെട്ടിക്കിടക്കുകയാണ്. കൂടുതൽ ജീവനക്കാരെ നിയമിച്ച് പ്രശന പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

110 സ്ക്വയര്‍ കിലോമീറ്ററാണ് കൊന്നത്തടി വില്ലേജ് ഓഫീസിന്റെ സ്ഥല പരിധി. ഇടുക്കി ജില്ലയില്‍ ഏറ്റവും കൂടുതല്‍ തണ്ടപ്പേര്‍ നമ്പറുകള്‍ ഉള്ള വില്ലേജ് കൂടിയാണ് കൊന്നത്തടി. ഇരുപത്തിമൂവായിരത്തില്‍പരം തണ്ടപ്പേര്‍ നമ്പറുകളാണ് ഇവിടെയുള്ളത്. ജനസാന്ദ്രത അധികമുള്ള വില്ലേജായിരുന്നിട്ടും ഒരു വില്ലേജ് ഓഫീസില്‍ സാധാരണയായി വേണ്ട ജീവനക്കാര്‍പോലും ഇവിടെയില്ല. ആളുകള്‍ ഇടപാടുകള്‍ നടത്തി മടങ്ങണമെങ്കിൽ മണിക്കൂറുകൾ വില്ലേജ് ഓഫീസിന് മുമ്പില്‍ ക്യൂ നില്‍ക്കേണ്ട സ്ഥിതി.

പ്രളയാനന്തര  പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളെയും   ജീവനക്കാരുടെ അപര്യാപ്തത പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.