ആഫ്രിക്കൻ ഒച്ച് ശല്യം; കൃഷി ഉപേക്ഷിച്ച് കർഷകർ; പ്രതിസന്ധി

തൃശൂര്‍ കൊടുങ്ങല്ലൂര്‍ മതിലകത്ത് ആഫ്രിക്കന്‍ ഒച്ചിന്‍റെ ശല്യത്തില്‍ പൊറുതിമുട്ടി നാട്ടുകാര്‍. ഒച്ചിനെ തുരത്തിയില്ലെങ്കില്‍ കൃഷി വ്യാപകമായി നശിക്കുമെന്ന ആശങ്കയിലാണ് കര്‍ഷകര്‍. മതിലകം മതില്‍മൂല മുതല്‍ എസ്.എന്‍.പുരം വരെയാണ് ആഫ്രിക്കന്‍ ഒച്ച് പെരുകിയത്. വീടിന്‍റെ ഭിത്തികളിലും പറമ്പിലും ആഫ്രിക്കന്‍ ഒച്ചുകളെ കാണാം. മൂന്നു വര്‍ഷം മുമ്പ് സമാനമായ സ്ഥിതി ഈ ഭാഗത്തുണ്ടായിരുന്നു. കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുത്തി. പക്ഷേ, പരിഹാര വഴി തെളിഞ്ഞിട്ടില്ല.

ഒച്ചിനെ പ്രതിരോധിക്കാന്‍ കഴിയാതെ കൃഷി നിര്‍ത്തിയവരുമുണ്ട്. കര്‍ഷക അവാര്‍ഡു ജേതാവായ ജയലക്ഷ്മിയും ഒച്ചിനെ പേടിച്ച് കൃഷി നിര്‍ത്തി. മുല്ല, വാഴ, ചേന, വെണ്ട, പയർ തുടങ്ങിയവയെല്ലാം നശിച്ചു. വിദഗ്ധ സംഘം സ്ഥലം സന്ദര്‍ശിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.