സൗജന്യ പാസ് ഇല്ലാതാക്കിയത് സർക്കാർ; പാലിയേക്കരയിൽ പ്രതിഷേധവുമായി കോൺഗ്രസ്

തൃശൂര്‍ പാലിയേക്കര ടോള്‍പ്ലാസയില്‍ തദ്ദേശിയര്‍ക്കു സൗജന്യ പാസ് നിഷേധിച്ചതിന്‍റെ ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരിനാണെന്ന് കോണ്‍ഗ്രസും ബി.ജെ.പിയും . സൗജന്യ പാസിന്‍റെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാരാണ് തീരുമാനമെടുക്കേണ്ടതെന്ന നിലപാടിലാണ് സംസ്ഥാന സര്‍ക്കാര്‍.  

തൃശൂര്‍ പാലിയേക്കര ടോള്‍പ്ലാസയുടെ പത്തു കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവരുടെ വാഹനങ്ങള്‍ക്ക് സൗജന്യ പാസ് അനുവദിച്ചിരുന്നു. 2018 ഏപ്രില്‍ മുതല്‍ ഇതു നിര്‍ത്തിലാക്കി. രാജ്യം മുഴുവന്‍ ഫാസ്റ്റാഗ് സംവിധാനം നടപ്പാക്കുന്നതിനാല്‍ സൗജന്യ പാസ് നല്‍കാനാകില്ലെന്നാണ് ടോള്‍ കമ്പനിയുടെ നിലപാട്. ദേശീയപാത അധികൃതരുടെ നിര്‍ദ്ദേശമാണിതെന്ന് അവര്‍ പറയുന്നു. നാല്‍പത്തിനാലായിരം കുടുംബങ്ങള്‍ക്കാണ് പാലിയേക്കരയില്‍ സൗജന്യ പാസ്.

സംസ്ഥാന സര്‍ക്കാര്‍ ഈ പാസിന്‍റെ തുക ടോള്‍ കമ്പനിയ്ക്കു കൈമാറുകയാണ് പതിവ്. മൂന്നു കോടി രൂപ നേരത്തെ കൈമാറിയിരുന്നു. പക്ഷേ, കഴിഞ്ഞ കുറേക്കാലമായി ഈ തുക ടോള്‍ കമ്പനിയ്ക്കു കൈമാറിയിട്ടില്ല. ഫാസ്റ്റാഗ് സംവിധാനത്തില്‍ ടോള്‍ തുക നാല്‍പത്തിനാലായിരം പേരുടെ അക്കൗണ്ടുകളിലേക്കു സംസ്ഥാന സര്‍ക്കാര്‍ നല്‍കുക മാത്രമാണ് പോംവഴിയെന്ന് കോണ്‍ഗ്രസും ബി.ജെ.പിയും പറയുന്നു.

സൗജന്യ പാസ് അനുവദിക്കണമെന്ന് ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഇതുനടപ്പാക്കതതിന് എതിരെ അഡ്വ.ജോസഫ് ടാജറ്റ് നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. ടോള്‍പ്ലാസയില്‍ ജനകീയ കൂട്ടായ്മ നാളെയും സമരം പ്രഖ്യാപിച്ചിട്ടുണ്ട്.