തൃശൂരിന് പുത്തൻ അനുഭവം നൽകി കണ്യാർകളി

തൃശൂരിലെ കലാപ്രേമികള്‍ക്കു മുമ്പില്‍ കണ്യാര്‍കളി അരങ്ങേറി. പാലക്കാട് ജില്ലയുടെ കിഴക്കന്‍പ്രദേശത്ത് അരങ്ങേറുന്ന നാടന്‍ കലാരൂപമായ കണ്യാര്‍കളി തൃശൂരിന് പുതുമയുള്ള ആസ്വാദനം പകര്‍ന്നു.

ഉല്‍സവ പറമ്പുകളില്‍ ഒരു രാത്രി മുഴുവന്‍ നീണ്ടുനില്‍ക്കുന്ന കലാരൂപമാണ് കണ്യാര്‍കളി. ഇതിന്‍റെ ചെറുപതിപ്പാണ് തൃശൂരില്‍ ഒരുക്കിയത്. പാലക്കാടിന്‍റെ കിഴക്കന്‍ നാട്ടിലെ നാടന്‍ കലാരൂപം. ഉത്തരായന രാവുകളില്‍ ഭഗവതിക്കാവുകളില്‍ ഈ കല ചിട്ടയോടെ അരങ്ങേറുന്നു. കണ്യാര്‍കളിയിലെ മൂന്നു ഭാഗങ്ങളാണ് അവതരിപ്പിച്ചത്. വൈഷ്ണവര്‍ എന്ന ഭക്തിയ്ക്കു പ്രാധാന്യമുള്ള ഒന്നത്. പിന്നെ, കുറത്തിയും കുറവനും. പാട്ടിനു കളിക്കും ഒപ്പം സരസമായ സംഭാഷണവും കൂടി ഉള്‍പ്പെട്ട കഥപറച്ചിലിന്‍റെ രീതിയാണ് പ്രത്യേകത. കേളി കണ്യാര്‍ കളി സംഘമായിരുന്നു അവതാരകര്‍. കലാപ്രാമാണികം കൂട്ടായ്മയുടെ പ്രതിമാസ പരിപാടിയുടെ ഭാഗമായാണ് കണ്യാര്‍കളി ഒരുക്കിയത്. പതിനെട്ടു കലാകാരന്‍മാര്‍ പങ്കെടുത്തു.

അടുത്തമാസം സംഗീത സമന്വയ പരിപാടിയാണ് കാലാപ്രാമാണികം ഒരുക്കുന്നത്. വിവിധ വാദ്യ കലാരൂപങ്ങള്‍ സംഗമിക്കുന്ന സംഗീത സമന്വയമാകും അവതരിപ്പിക്കുക.