പുള്ള് ഗ്രാമത്തിൽ‌ ഇനി തട്ടുകടകൾ തുറക്കും

കോള്‍പാടങ്ങളാല്‍ നിറഞ്ഞ തൃശൂര്‍ പുള്ള് ഗ്രാമത്തില്‍ തട്ടുകടകള്‍ അടച്ചിടണമെന്ന നിര്‍ദ്ദേശം പൊലീസ് പിന്‍വലിച്ചു. പുള്ള് ഗ്രാമത്തിന്‍റെ പ്രകൃതി ഭംഗി ആസ്വദിക്കാന്‍ വരുന്ന നിരവധി സന്ദര്‍ശകരുടെ അഭ്യര്‍ഥന മാനിച്ചാണ് തട്ടുകട പരിഷ്ക്കാരം പൊലീസ് പിന്‍വലിച്ചത്. 

കോള്‍പാടത്തിനു മധ്യേയുള്ള യാത്രയാണ് പുള്ളിന്‍റെ പ്രത്യേകത. നടി മഞ്ജുവാര്യരുടെ വീടിരിക്കുന്ന ഗ്രാമം. നിരവധി സന്ദര്‍ശകര്‍ പുള്ള് ഗ്രാമത്തിലേക്ക് പ്രതിദിനം എത്തും. ഇത്തരം സന്ദര്‍ശകര്‍ക്ക് നല്ല ഭക്ഷണം കഴിക്കാന്‍ ഇരുപതിലേറെ തട്ടുകടകളുണ്ട്. കഴിഞ്ഞ ദിവസം ഈ തട്ടുകടകളില്‍ ഒന്നിന് ആരോ തീയിട്ടു. കടക്കാര്‍ തമ്മിലുള്ള വഴക്കാണെന്ന് പൊലീസ് വിധിയെഴുതി. തല്‍ക്കാലം തട്ടുകടകള്‍ അടച്ചിടാന്‍ പൊലീസ് നിര്‍ദ്ദേശിച്ചു. തട്ടുകടക്കാരേക്കാള്‍ പ്രതിസന്ധിയിലായത് സന്ദര്‍ശകരായിരുന്നു. നല്ല മീന്‍ കൂട്ടി ഊണു കഴിക്കാമെന്ന ഉദ്ദേശ്യത്തോടെ തട്ടുകടകള്‍ ഉന്നമിട്ട് വരുന്ന സന്ദര്‍ശകര്‍ അടച്ചിട്ട തട്ടുക്കടകള്‍ കണ്ട് നിരാശയോടെ മടങ്ങി. ഇതിനിടെ, കലക്ടര്‍ക്കും എസ്.പിയ്ക്കും വരെ പരാതികള്‍ പോയി. അങ്ങനെ, ഉന്നത സമ്മര്‍ദ്ദം ശക്തമായതോടെ 

പരിഷ്ക്കാരം പിന്‍വലിച്ച് പൊലീസ് തലയൂരി.പുള്ളിന്‍റെ ടൂറിസം മേഖല വീണ്ടും ഉണര്‍ന്നിട്ടുണ്ട്. എക്കോ ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തി അഞ്ചു കോടി രൂപ വിനിയോഗിച്ച് ടൂറിസം വികസനത്തിനും പുള്ളില്‍ സര്‍ക്കാരിന് പദ്ധതിയുണ്ട്.