കോളജ് കെട്ടിടത്തിന് ഭീഷണിയായി വലിയ കുഴി

തൃശൂര്‍ ഒല്ലൂര്‍ ഗവണ്‍മെന്റ് കോളജില്‍ കെട്ടിടത്തിനോട് ചേര്‍ന്ന് വലിയ കുഴി രൂപപ്പെട്ടതോടെ വിദ്യാര്‍ഥികള്‍ പെരുവഴിയില്‍. താല്‍ക്കാലികമായി വിദ്യാര്‍ഥികളെ മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റി പ്രശ്നം പരിഹരിച്ചു. 

ഒല്ലൂര്‍ ഗവണ്‍മെന്റ് കോളജിന്‍റെ കെട്ടിടത്തിനോട് ചേര്‍ന്ന് വലിയ കുഴി രൂപപ്പെട്ടത് കഴിഞ്ഞ ദിവസമായിരുന്നു. ഏതുസമയത്തും കെട്ടിടം തകര്‍ന്നു വീഴാവുന്ന അവസ്ഥ. സ്റ്റേജില്‍ മറക്കെട്ടി വിദ്യാര്‍ഥികളെ താല്‍ക്കാലിക ക്ലാസുകളിലേക്ക് മാറ്റി. ഇതിനിടെ, എല്ലാ വിദ്യാര്‍ഥി സംഘടനകളും സമരം തുടങ്ങി. പുതിയ കെട്ടിടം നിര്‍മിക്കാതെ സമരത്തില്‍ നിന്ന് പിന്‍മാറില്ലെന്ന് വിദ്യാര്‍ഥി സംഘടനകള്‍ കര്‍ശന നിലപാട് എടുത്തു. വിവരമറിഞ്ഞ് സ്ഥലം എം.എല്‍.എയും ചീഫ് വിപ്പുമായ കെ.രാജന്‍ കോളജില്‍ എത്തിയിരുന്നു. പുതിയ കെട്ടിടം പണിയാന്‍ സര്‍ക്കാര്‍ നേരത്തെതന്നെ തുക അനുവദിച്ചിരുന്നു. മരം മുറിക്കുന്നതുമായി ബന്ധപ്പെട്ട അനുമതി വൈകിയതായിരുന്നു തടസം.

അതേസമയം, വിദ്യാര്‍ഥി സംഘടനകള്‍ മുന്നോട്ടു വയ്ക്കുന്നത് ശാശ്വത പരിഹാരമാണ്. ജില്ലാ കലക്ടര്‍ എസ്.ഷാനവാസ് ഉള്‍പ്പെടെ റവന്യൂ ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു.