തോപ്പുംപടിയിൽ ചെരുപ്പ് കടയ്ക്ക് തീപിടിച്ചു; ആളപായമില്ല

തോപ്പുംപടിയില്‍ ചെരുപ്പ് കടയ്ക്ക് തീ പിടിച്ചു. തോപ്പുംപടി ജംഗ്ഷനിലെ മാര്‍സണ്‍ ഫുട്ട് വെയര്‍ ഷോപ്പിലാണ് തീ പിടുത്തം ഉണ്ടായത്. അഗ്നിബാധയെ തുടർന്ന് ഒന്നാം നിലയിലെ ഗോഡൗണ്‍ പൂര്‍ണമായും നശിച്ചു. ആളപായമില്ല. ഒന്‍പത് ഫയര്‍ എന്‍ജിനുകള്‍ രണ്ട് മണിക്കൂര്‍ പണിപ്പെട്ടാണ്  തീ കെടുത്തിയത്.

ഉച്ചയ്ക്ക് 12.30തിനാണ് തീ പടര്‍ന്ന് തുടങ്ങിയത്. റബ്ബര്‍ ചെരുപ്പുകളും, ബാഗുകളുമാണ് ഗോഡൗണ്‍ നിറയെ ഉള്ളത്. താഴത്തെ നിലയിലെ കടയിലുള്ളവര്‍ തീ കണ്ടതിനെ തുടര്‍ന്ന് പുറത്തേക്ക് ഓടി. ഫയര്‍ഫോഴ്സിനെ വിവരം അറിയിച്ചു. ആദ്യ ഫയര്‍ എ‍ഞ്ചിന്‍ സ്ഥലത്തെത്തിയപ്പോഴേക്കും ഗോഡൗണിലാകെ തീ ആളിപ്പടര്‍ന്നിരുന്നു, 

തുടര്‍ന്ന് ഗാന്ധിനഗര്‍, മട്ടാഞ്ചേരി, തുടങ്ങി വിവിധ ഫയര്‍ സ്റ്റേഷനുകളില്‍ നിന്ന് ഒന്‍പത് ഫയര്‍ എ‍ന്‍ജിനുകള്‍ സ്ഥലത്തെത്തി. കൊച്ചിയില്‍ പുതുതായി എത്തിച്ച ഫോം ടെന്‍ഡര്‍ ഫയര്‍ എൻജിനും വൈകാതെ സ്ഥലത്തെത്തിച്ച് വെള്ളത്തിനൊപ്പം പത ചീറ്റിച്ച് തീ കെടുത്താനുള്ള ശ്രമങ്ങളും ആരംഭിച്ചു.

ഇതിനിടയിലും തകര ഷീറ്റുകൊണ്ട് മൂടിയ ഈ കെട്ടിടത്തിനുള്ളില്‍ വെള്ളം എത്താതെ വന്നതോടെ. ഷീറ്റുകള്‍ വെട്ടിപ്പൊളിക്കുകയായിരുന്നു. തൊട്ടടുടുത്തുള്ള കെട്ടിടങ്ങൾക്ക് കേടുപാടില്ലെന്ന് ഫയർഫോഴ്സ് അറിയിച്ചു.