കുമ്പളങ്ങാട് മാലിന്യ പ്ലാന്റിനെതിരെ ജനരോഷം ശക്തം

തൃശൂർ വടക്കാഞ്ചേരി കുമ്പളങ്ങാട് മാലിന്യ പ്ലാന്റിനെതിരെ ജനരോഷം ശക്തം. ശാസ്ത്രീയ മാലിന്യ സംസ്ക്കരണമെന്ന പേരിൽ ആരംഭിച്ച പ്ലാന്റ് നിലവിൽ പ്രവർത്തിക്കുന്നില്ല. വടക്കാഞ്ചേരി നഗരസഭാ പരിധിയിലെ മാലിന്യം സംസാരിക്കുന്നത് കുമ്പളങ്ങാട് പ്ലാന്റിലാണ്. ജൈവ , അജൈവ മാലിന്യങ്ങൾ സംസ്ക്കരിക്കാൻ ശാസ്ത്രീയ രീതിയിലുള്ള പ്ലാന്റ് ആണ് നഗരസഭ വിഭാവനം ചെയ്തത്. 

എന്നാൽ, പ്ലാന്റ് പ്രവർത്തിക്കുന്നില്ല. മാലിന്യമാകട്ടെ കുഴികളുണ്ടാക്കി മണ്ണിട്ട് മൂടുകയാണ്. മഴക്കാലത്ത് മലിനജലം ജനവാസ കേന്ദ്രങ്ങളിലേക്ക് ഒഴുകി വരുമെന്നാണ് നാട്ടുകാരുടെ ആശങ്ക. കുടിവെള്ള സ്ത്രോതസുകൾ മലിനമാകുമെന്ന് നാട്ടുകാർ ഭയക്കുന്നു. സേവ് കുമ്പളങ്ങാട് എന്ന പേരിൽ പ്ലാസ്റ്റിനെതിരെ കൂട്ടായ്മ രൂപികരിച്ചു. ജനകീയ സമരങ്ങളും തുടങ്ങി. പ്ലാന്റ് നേരെയാക്കാത്തതിന് എതിരെ ബി.ജെ.പി സമരം പ്രഖ്യാപിച്ചു.

അതേ സമയം , മണ്ണിൽ ഇഴുകി ചേരുന്ന മാലിന്യങ്ങൾ മാത്രമാണ് കുമ്പളങ്ങാട് കുഴിച്ചിടുന്നതെന്ന് നഗരസഭ അധികൃതർ പറയുന്നു. പതിനെട്ട് വർഷം മുമ്പ് മാലിന്യ നിർമാർജനത്തിനായി വാങ്ങിയ ഭൂമിയാണ് കുമ്പളങ്ങാട്ടുള്ളത്. നാട്ടുകാരെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്താനുള്ള ശ്രമത്തിലാണ് നഗരസഭ അധികൃതർ.