ഇരട്ടസഹോദരിമാരുടെ ചിത്രപ്രദർശനം; ആവേശകരമായ വരവേൽപ്

ആറാം ക്ലാസ് വിദ്യാര്‍ഥിനികളായ ഇരട്ടസഹോദരിമാരുടെ ചിത്രപ്രദര്‍ശനത്തിന് തൃശൂരില്‍ തുടക്കമായി. ലളിതകലാ അക്കാദമി ആര്‍ട് ഗാലറിയില്‍ ശനിയാഴ്ച വരെ ചിത്രങ്ങള്‍ കാണാം. 

പാലക്കാട് കൂറ്റനാട് ഗവണ്‍മെന്‍റ് വൊക്കഷനല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനികളാണ് ഇവര്‍. പെരുമ്പിള്ളിമന ഗണേശന്‍ നമ്പൂതിരിയുടേയും ഭാര്യ സ്മിതയുടേയും മക്കള്‍. വേദജയും മേധജയുമാണ് ചിത്രകാരികള്‍. മൂത്തസഹോദരി നന്ദജയും ചിത്രകാരിയാണ്. ഇരട്ടസഹോദരിമാരുടെ ചിത്രപ്രദര്‍ശനത്തില്‍ 107 ചിത്രങ്ങളുണ്ട്. പക്ഷികളും പ്രകൃതിയുമാണ് ചിത്രങ്ങളുടെ വിഷയം. ഇഷ്ടപ്പെട്ട ചിത്രങ്ങള്‍ കാഴ്ചക്കാര്‍ക്കു വാങ്ങാം. നാട്ടില്‍ ക്ലബ് അധികൃതരുടെ സഹകരണത്തോടെ നേരത്തെ ചിത്രപ്രദര്‍ശനം നടത്തിയിട്ടുണ്ട്. പക്ഷേ, ലളിതകലാ അക്കാദമി ആര്‍ട് ഗാലറി പോലുള്ള വേദിയില്‍ ആദ്യത്തെ പ്രദര്‍ശനമാണിത്. മുത്തച്ഛന്‍ ചിത്രം വരയ്ക്കുമായിരുന്നു. മുത്തച്ഛന്‍റെ ചിത്രകലാ അഭിരുചിയാണ് മൂന്നു പേര്‍ക്കും കിട്ടിയത്.

ചിത്രപ്രദര്‍ശനത്തിന് ആവേശകരമായ വരവേല്‍പ് കിട്ടിയെങ്കിലും ഒരു കാര്യത്തില്‍ ഈ ചിത്രകാരികള്‍ക്കു വിഷമമുണ്ട്. ഒരാഴ്ചത്തെ അധ്യയനം മുടങ്ങും. ആര്‍ട് ഗാലറിയില്‍ ചിത്രപ്രദര്‍ശനത്തിന് തിയതി ലഭിച്ചപ്പോള്‍ അത് സ്കൂള്‍ തുറന്ന ശേഷമായിപ്പോയെന്നു മാത്രം. ചിത്രപ്രദര്‍ശനം ഉദ്ഘാടനം ചെയ്തത് ഗാനരചയിതാവ് ബി.കെ.ഹരിനാരായണന്‍ ആയിരുന്നു.