വാഗ്ദാനങ്ങൾ നടപ്പായില്ല; വീടില്ലാതെ പതിനാറ് കുടുംബങ്ങൾ ദുരിതത്തിൽ

തൃശൂര്‍ വട്ടപ്പാറയില്‍ പ്രളയത്തില്‍ വീടുകള്‍ തകര്‍ന്ന പതിനാറു കുടുംബങ്ങള്‍ ദുരിതത്തില്‍. അടുത്ത മഴയ്ക്കു മുമ്പ് വീടുകള്‍ നിര്‍മിച്ചു നല്‍കാമെന്ന വാഗ്ദാനം നടപ്പായില്ലെന്ന് കുടുംബങ്ങള്‍ ആരോപിച്ചു. കലക്ടറേറ്റ് പടിക്കല്‍ നിരാഹാര സമരം നടത്തുമെന്നാണ് കുടുംബങ്ങളുടെ മുന്നറിയിപ്പ്.  

തൃശൂര്‍ വട്ടപ്പാറയില്‍ പതിനാറു കുടുംബങ്ങള്‍ക്കു കഴിയാന്‍ വീടുകളില്ല. ചിലരുടെ വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. മറ്റു ചിലരുടെ വീടുകള്‍ക്ക് ബലക്ഷയം. മലയുടെ അടിയിലുള്ള വീടുകളില്‍ താമസിക്കാന്‍ കഴിയില്ല. വീടുകള്‍ വാസയോഗ്യമല്ലെന്ന് റവന്യൂ അധികൃതര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇവര്‍ക്കു പകരം വീടുകള്‍ നിര്‍മിച്ചു നല്‍കാന്‍ സര്‍ക്കാര്‍ മുളയത്തു സ്ഥലം അനുവദിച്ചിരുന്നു. പക്ഷേ, വീടുകളുടെ നിര്‍മാണം ഇനിയും തുടങ്ങിയിട്ടില്ല. 

പ്രശ്നം പരിഹരിക്കാന്‍ പഞ്ചായത്ത് ശ്രമങ്ങള്‍ തുടരുകയാണ്. വീടുകളുടെ നിര്‍മാണം വേഗം കൂട്ടാന്‍ സ്ഥലം എം.എല്‍.എയും ഇടപ്പെട്ടിട്ടുണ്ട്.