മരം മുറിക്കല്‍ ഭേദഗതി ഉത്തരവിനെതിരെ പ്രതിഷേധം

ഇടുക്കി കൊട്ടാകമ്പൂര്‍ അടക്കമുള്ള മേഖലകളിലെ മരം മുറിക്കല്‍ ഭേദഗതി ഉത്തരവിനെതിരെ പ്രതിഷേധം. കാലങ്ങളുടെ കാത്തിരുപ്പിന് ശേഷം ലഭിച്ച മരം മുറിക്കൽ  അനുമതിക്കെതിരെ രംഗത്തെത്തിയ വനംവകുപ്പ് വാര്‍ഡന്റെയും, ദേവികുളം സബ് കലക്ടറുടേയും കോലം കത്തിച്ച് വട്ടവടയിൽ  കര്‍ഷകർ  പ്രതിഷേധിച്ചു. ഭൂ രേഖകൾ ഹാജരാക്കിയാൽ മരം മുറിക്കുന്നതിനു തടസമില്ലെന്നു സബ് കലക്ടർ രേണുരാജ് അറിയിച്ചു

വട്ടവട കൊട്ടാക്കമ്പൂര്‍ അടക്കമുള്ള അഞ്ച് വില്ലേജുകളിലെ മരം മുറിക്കലിന് വിലക്ക് നിന്നിരുന്നത് നീക്കി മരങ്ങള്‍ മുറിച്ച് നീക്കുന്നതിന് റവന്യൂ വകുപ്പ് അനുമതി നല്‍കി ഉത്തരവിറക്കിയിരുന്നു.

കൊട്ടാകമ്പൂര്‍ അടക്കമുള്ള പ്രദേശത്തെ കൈവശാവകാശ രേഖകളുടെ പരിശോധന പൂര്‍ത്തിയായിട്ടില്ലെന്നും ഇതിനാല്‍ മരം മുറിക്കല്‍ തടയണമെന്നും ആവശ്യപ്പെട്ട് വൈല്‍ഡ്‌ലൈഫ് വാര്‍ഡന്‍ ആര്‍.ലക്ഷ്മി ദേവികുളം സബ്കലക്ടര്‍ക്കും, ഇടുക്കി ജില്ലാ കലക്ടര്‍ക്കും കത്ത് നല്‍കി.

 ഇതിന്റെ അടിസ്ഥാനത്തില്‍ റവന്യൂഭൂമിയിലെ മരം മുറിയ്ക്കുന്നത് തടയണമെന്നും പെട്രോളിംഗ് ശക്തമാക്കണമെന്നും ആവശ്യപ്പെട്ട് ദേവികുളം സബ്കളക്ടര്‍ മൂന്നാര്‍ ഡി വൈ എസ് പിയ്ക്ക്  നിര്‍ദേശം നില്‍കി. 

ഇതാണ് ഈ മാസം  നാലിന് വട്ടവട പഞ്ചായത്തിൽ മരംമുറി ഉദ്ഘാടനം നടത്തുന്നതിന് വേണ്ടി കാത്തിരുന്ന  കര്‍ഷകരെ പ്രകോപിപ്പിച്ചത്.

 ഇതേ തുടര്‍ന്നാണ് കര്‍ഷകരുടെ നേതൃത്വത്തില്‍ ദേവികുളം സബ് കളക്ടറുടേയും , വൈല്‍ഡ് ലൈഫ് വാര്‍ഡന്റേയും കോലം കത്തിച്ചത്. സംഭവത്തില്‍ സര്‍ക്കാര്‍ ഉത്തരവുണ്ടായിട്ടും മരങ്ങള്‍മുറിച്ച് നീക്കുന്നതിന് തടസ്സവുമായി റവന്യൂ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എത്തിയാല്‍ വലിയ രീതിയിലുള്ള പ്രക്ഷോഭ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നതിനാണ് വട്ടവട നിവാസികളുടെ തീരുമാനം. എന്നാൽ പട്ടയ വസ്തുവിലെ മരം മുറിക്കുന്നതിന് യാതൊരു തടസവുമില്ല. ജില്ലാ കലക്ടറുടെ പക്കൽ  ഉടമവസ്ഥവകാശ രേഖകൾ നൽകി  മരംമുറിക്കാമെന്നും, സർക്കാർ ഭൂമിയിലെ മരങ്ങൾക്ക് സംരക്ഷണം ഉറപ്പ്വരുത്തുമെന്നും ദേവികുളം സബ് കലക്ടർ രേണുരാജ് അറിയിച്ചു.